സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ പെപ്‍സിയും കൊക്കകോളയും വില്‍ക്കില്ല

05:44 pm 8/3/2017

download (6)
സംസ്ഥാനത്ത് വ്യാപാരികള്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ കൊക്കകോളയും പെപ്സിയും വില്‍ക്കില്ല. കടുത്ത വരള്‍ച്ച തുടരുമ്പോഴും കോള കമ്പനികള്‍ നടത്തുന്ന ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. മുഖ്യമന്ത്രിയുടെ പിന്തുണ തേടിയ ശേഷം ഇതു സംബന്ധിച്ച പ്രഖ്യാപനം മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് നടത്തുമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ കോഴിക്കോട് പറഞ്ഞു.
അടുത്ത ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ കടകളില്‍ കൊക്കക്കോളയും പെപ്‍സിയും പൂര്‍ണ്ണമായി ബഹിഷ്കരിക്കാനാണ് വ്യാപാരികളുടെ തീരുമാനം. ഏഴ് ലക്ഷത്തോളം വ്യാപാരികള്‍ ഈ ബഹിഷ്കരണത്തില്‍ പങ്കാളികളാവുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അവകാശപ്പെടുന്നത്. സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തിലും കൊക്കക്കോളയും പെപ്‍സിയും വ്യാപകമായി ജല ചൂഷണം നടത്തുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കോള ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.
കോള കമ്പനികള്‍ക്കെതിരെ തമിഴ്നാട്ടിലെ വ്യാപാരികള്‍ ഈ മാസം ഒന്നു മുതല്‍ ബഹിഷ്കരണ സമരത്തിലാണ്. ഇതിനെ പിന്തുണയ്ക്കാന്‍ കൂടിയാണ് കേരളത്തിലും ബഹിഷ്കരണവുമായി വ്യാപാരികള്‍ മുന്നോട്ട് വരുന്നത്. ഇനിമുതല്‍ സ്വദേശീയ പാനീയങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കും. ഇളനീര്‍, നാരങ്ങ വെള്ളം തുടങ്ങിവ കടകളില്‍ കൂടുതലായി ലഭ്യമാക്കും. വ്യാപാരികളുടെ തീരുമാനത്തെ പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര സമിതി സ്വാഗതം ചെയ്തു.