08:40 am 17/2/2017
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ശനിയാഴ്ച രാവിലെ 11ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഹജ്ജ് കമ്മിറ്റി ചെയര്‍മാനായതിന് ശേഷമുള്ള ആദ്യ യോഗമാണ് നടക്കുന്നത്. ഈ വര്‍ഷം കേരളത്തില്‍നിന്ന് 94,600ഓളം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. കൃത്യമായ കണക്ക് നാളെ ചേരുന്ന യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അപേക്ഷകരില്‍ 9,038 പേര്‍ അഞ്ചാം വര്‍ഷക്കാരും 1,733 പേര്‍ 70 വയസ്സിന് മുകളിലുള്ളവരുമാണ്. ഇവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാളും 18,233 അപേക്ഷകരാണ് കൂടുതല്‍. 76,417 പേരാണ് കഴിഞ്ഞവര്‍ഷം അപേക്ഷിച്ചിരുന്നത്. സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത അപേക്ഷകരില്‍നിന്ന് നറുക്കെടുപ്പിലൂടെ കാത്തിരിപ്പ് പട്ടിക തയാറാക്കും. മാര്‍ച്ച് 18നാണ് നറുക്കെടുപ്പ്. കാത്തിരിപ്പ് പട്ടികയില്‍നിന്ന് അഞ്ഞൂറോളം പേര്‍ക്ക് അവസരം ലഭിച്ചേക്കും.

