സദാശിവത്തിനെതിരെ രൂക്ഷ വിമർശനവുമായി ശോഭ സുരേന്ദ്രൻ.

02:33 pm 14/5/2017

തിരുവനന്തപുരം: ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയെങ്കിൽ ഗവർണർ സ്ഥാനത്തു നിന്ന് സദാശിവം ഇറങ്ങിപ്പോകണമെന്ന് ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പദവിയോട് ഗവർണർ മര്യാദ കാണിക്കണം. അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് പയ്യന്നൂർ കൊലപാതക വിഷയത്തിൽ നടപടി സ്വീകരിക്കാൻ ഗവർണർ തയാറാവണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരിൽ സംഘപരിവാർ സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ.

ആർ.എസ്.എസ് നേതാവ് ബിജുവിന്‍റെ കൊലപാതകത്തിൽ ഇടപെടൽ ആവശ്യപ്പെട്ട്​ ബി.ജെ.പി നേതാക്കൾ ഗവർണർ പി. സദാശിവത്തിന് നിവേദനം നൽകിയിരുന്നു. എന്നാൽ, നിവേദനം മുഖ്യമന്ത്രിക്ക് ഗവർണർ കൈമാറി. ഈ നടപടിയെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി​ രമേശ്​ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ബി.ജെ.പി നൽകിയ പരാതി കൈമാറാൻ ഗവർണറുടെ ഇടനില ആവശ്യ​മില്ലെന്നാണ്​ എം.ടി രമേശ്​ ഫേസ്​ബുക്കിൽ കുറിച്ചത്. ഗവർണർക്ക്​ കൈ​കൊള്ളാൻ എത്രയോ നടപടികളുണ്ട്​​ അത്​ കൈകൊള്ളാൻ കഴിയുമോ എന്നാണ്​​ ചോദ്യമെന്നും​ രമേശ്​ വ്യക്​തമാക്കിയിരുന്നു.