സഭ നിലപാടിനെതിരെ എറണാകുളത്ത് സ്ത്രീകളുടെ കാല്‍കഴുകല്‍ ശുശ്രൂഷ

07:45 am 15/4/2017

കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പക്ക് പിന്തുണ നല്‍കി ഓപണ്‍ ചര്‍ച്ച് മൂവ്‌മെന്റ് നേതൃത്വത്തില്‍ പെസഹ വ്യാഴാഴ്ച 12 വനിതകളുടെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി. മാര്‍പാപ്പയുടെ നിര്‍ദേശമുണ്ടായിട്ടും സ്ത്രീകളുടെ കാല്‍കഴുകല്‍ നിര്‍വഹിക്കുന്നത് സീറോ മലബാര്‍ സഭ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ക്രിസ്തുവിെന്റ പാത പിന്തുടര്‍ന്ന് പുരുഷന്‍മാരുടെ കാല്‍കഴുകുന്ന പൗരസ്ത്യ സഭാ രീതി തുടരാനാണ് കഴിഞ്ഞ ദിവസം കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലറിലൂടെ വ്യക്തമാക്കിയത്.
എന്നാല്‍, തുല്യപരിഗണന നല്‍കി സ്ത്രീകളുടെയും കുട്ടികളുെടയുമടക്കം കാല്‍കഴുകല്‍ നിര്‍വഹിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു മാര്‍പാപ്പ. ലത്തീന്‍ വിഭാഗത്തിന് മാത്രമാണ് ഇത് ബാധകമെന്ന് ചൂണ്ടിക്കാട്ടിയാണ് സീറോ മലബാര്‍ സഭ ഈ നിര്‍ദേശം നിരാകരിച്ചത്.
തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ പിന്തുണച്ച് ബദല്‍ ശുശ്രൂഷ നടത്താന്‍ ഓപണ്‍ ചര്‍ച്ച് മൂവ്‌മെന്റ് രംഗത്തെത്തിയത്. എറണാകുളം മഹാരാജാസ് കോളജിനടുത്ത ഹാളിലായിരുന്നു കാല്‍കഴുകല്‍ ശുശ്രൂഷ. അഞ്ച് വയസ്സുകാരി മുതല്‍ വയോധികര്‍ വരെ വ്യത്യസ്ത പ്രായക്കാരായ പന്ത്രണ്ട് പേരുടെ കാലുകളാണ് കഴുകിയത്. ഫാ. എബ്രഹാം കൂത്തോട്ടില്‍, ഫാ. ഷിബു കാളാംപറമ്പില്‍, ഫാ. ജോസഫ് പള്ളത്ത്, ഫാ. ക്ലമന്റ്, ഫാ. ഫ്രാന്‍സിസ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. മൂവ്‌മെന്റ് ചെയര്‍മാന്‍ റെജി ഞള്ളാനി, കെ.ജോര്‍ജ് ജോസഫ്, ജോസ് കണ്ടത്തില്‍, ജോസ് അരയകുന്നേല്‍, ജോസഫ് വെളിവില്‍,വര്‍ഗീസ് പറമ്പില്‍, ഒ.ഡി. കുര്യാക്കോസ്, എം.എല്‍.ആഗസ്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.