സഹജീവി സ്‌നേഹത്തിന്റെയും നന്മയുടെയും പ്രതീകമായി മഴ മിത്രം

07:59 am 14/1/2017

Newsimg1_15164549
എടത്വാ: വൈദീകന്‍ തെളിച്ച ദീപം പ്രാര്‍ത്ഥന മുകരിതമായ അന്തരീക്ഷത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ‘മഴ മിത്ര ‘ത്തിന്റെ അടുപ്പിലേക്ക് പകരുവാന്‍ മകന്‍ അമ്മയുടെ കരങ്ങളിലേക്ക് ആ മെഴുകുതിരി കൈമാറിയപ്പോള്‍ ഏവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.ആന്റപ്പന്റ ഭാര്യയും മാതാപിതാക്കളും ഏക സഹോദരനും ചേര്‍ന്ന് ആ മെഴുകുതിരിയില്‍ നിന്നും അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നപ്പോള്‍ ഉരുണ്ടുകൂടിയ കണ്ണുനീര്‍ അല്പനേരം അവരുടെ കാഴ്ച മറച്ചെങ്കിലും പിന്നീട് അത് ആനന്ദാശ്രുക്കള്‍ ആയി താഴേക്ക് ഒഴുകി.

അന്തരിച്ച ആന്റപ്പന്‍ അമ്പിയായത്തിന്റെ ഏക മകന്‍ ഏബല്‍ ആണ് മാതാവ് സോണിയയുടെ കരങ്ങളിലേക്ക് മെഴുകുതിരി കൈമാറിയത്.

ജനകീയ കൂട്ടായ്മയില്‍ സഹജീവി സ്‌നേഹത്തിന്റെയും നന്മയുടെയും പ്രതീകമായി ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആയിരുന്ന ആന്റപ്പന്‍ അമ്പിയായത്തിന്റെ കുടുംബത്തിന് നിര്‍മ്മിച്ച് നല്കിയ സ്‌നേഹ വീടിന്റെ (മഴ മിത്രം) വെഞ്ചരിപ്പ് ചടങ്ങായിരുന്നു വികാരഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചത്.

എടത്വാ പളളി വികാരി റവ.ഫാദര്‍ ജോണ്‍ മണക്കുന്നേലിന്റെ നേതൃത്വത്തില്‍ ഉള്ള വൈദീക സംഘം വെഞ്ചരിപ്പ് ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം അഡ്വ. യു.പ്രതിഭാഹരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആന്‍റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള അധ്യക്ഷത വഹിച്ചു.

ത്രിതല പഞ്ചായത്ത് പ്രതിനിധികളടക്കം സാമൂഹ്യസാംസ്ക്കാരിക രാഷ്ട്രീയ പരിസ്ഥിതി പ്രവര്‍ത്തന രംഗത്തെ നൂറുകണക്കിന് പ്രമുഖര്‍ ആശംസകള്‍ അറിയിച്ചു.സംസ്ഥാന വനമിത്ര അവാര്‍ഡ് ജേതാവ് ജി. രാധാകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു.

പരിസ്ഥിതി സംഘടനകളുടെ ഏകോപന സമിതിയായ ഗ്രീന്‍ കമ്യൂണിറ്റി രൂപികരിച്ച് അതിന്റെ പ്രചാരണത്തിന്റെ ഭാഗമായി പ്രസംഗിക്കാന്‍ പോകവേ ആണ് മരണത്തിന് കീഴടങ്ങിയത്.
മൂന്ന് വര്‍ഷം മുമ്പ് ലോക പരിസ്ഥിതി ദിനത്തിന്റെ തലേന്ന് ആണ് പച്ചപ്പിന്റെ പ്രവാചകന്‍ ആയിരുന്ന ആന്റപ്പന്‍ അമ്പിയായം വാഹന അപകടത്തില്‍ മരണമടഞ്ഞത്.

പച്ചപ്പിനെയും മഴയെയും സ്‌നേഹിച്ചിരുന്ന ആന്റപ്പന്‍ അന്ന് തുടങ്ങിയ മഴ മിത്രം എന്ന മാസികയുടെ പേരാണ് വീടിന് നാമകരണം ചെയ്തിരികുന്നത്.

മഴ മിത്രത്തിന് സമീപം സുഹൃത്തുക്കള്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന ശലഭോദ്യാനത്തിന്റെ മധ്യത്തില്‍ സ്ഥാപിച്ച ആന്റപ്പന്റെ ശിലാസ്മാരകത്തിന്റെ അനാഛാദനവും ‘മഴ മിത്ര ‘ത്തിന്റെ താക്കോല്‍ ദാനവും ജനുവരി 15ന് ഞായാറാഴ്ച 2 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.
കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യ സന്ദേശം നല്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് , ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് ,ഗ്രീന്‍ കമ്മ്യൂണിറ്റി ചീഫ് കോര്‍ഡിനേറ്റര്‍ ഷൗക്കത്ത് അലി ഏരോത്ത് എന്നിവര്‍ പ്രസംഗിക്കും.

ഫോട്ടോ അടിക്കുറിപ്പ്.

‘പൊതു സമ്മേളനം അഡ്വ. യു. പ്രതിഭാഹരി ങഘഅ ഉദ്ഘാടനം ചെയ്യുന്നു.