സഹാറ മേധാവി ജൂൺ 15നകം 1,500 കോടി രൂപ നൽകണമെന്ന് സുപ്രീംകോടതി.

07:29 pm 27/4/2017

ന്യൂഡൽഹി: സഹാറ മേധാവി സുബ്രദോ റോയ് ജൂൺ 15നകം 1,500 കോടി രൂപ നൽകണമെന്ന് സുപ്രീംകോടതി. ജൂൺ 15നകം തുക നൽകിയില്ലെങ്കിൽ തീഹാർ ജയിലിലേക്ക് പോകേണ്ടി വരുമെന്ന മുന്നറിയിപ്പും സഹാറ മേധാവിക്ക് സുപ്രീംകോടി നൽകിയിട്ടുണ്ട്. 2014ലാണ് സുബ്രദോ റോയിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

ജൂൺ, ജൂലൈ മാസങ്ങളിലായി ആകെ 2000 കോടി രൂപ നൽകാമെന്നും സുപ്രീംകോടതിയിൽ സുബ്രദോ റോയി ഉറപ്പ് നൽകി. ഇതിലെ ആദ്യ ഗഡു ജൂൺ മാസത്തിലും രണ്ടാം ഗഡു ജൂലൈയിലും നൽകുമെന്ന് സുബ്രദോ റോയി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.

നിക്ഷേപകരെ വഞ്ചിച്ചുവെന്ന് കാണിച്ച് സെബിയുടെ പരാതിയിലാണ് സഹാറ മേധാവിക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. എകദേശം 24,000 കോടി രൂപയാണ് സഹാറ നിക്ഷേപകരിൽ നിന്ന് സ്വീകരിച്ചിരുന്നത്. ഇതിൽ 11,000 കോടി രൂപ സഹാറ തിരിച്ചടച്ചിരുന്നു. ബാക്കി വരുന്ന 14,000 കോടി രൂപ തിരിച്ചടക്കുന്നതിനായാണ് കോടതിയിൽ നിയമപോരാട്ടം നടക്കുന്നത്.

നേരത്തെ സഹാറയിൽ നിന്ന് പണം തിരിച്ച് പിടിക്കുന്നതിെൻറ ഭാഗമായി പൂണൈയിലെ കമ്പനിയുടെ ഉടമസ്ഥയിലുള്ള ആംബിവാലി ടൗൺഷിപ്പ് ലേലം ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.