07.56 PM 03/05/2017
കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ്-എം നേടി. കേരള കോൺഗ്രസ്-എമ്മിലെ സക്കറിയാസ് കുതിരവേലിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഏഴ് അംഗങ്ങളുള്ള എൽഡിഎഫ് മുന്നണിയിലെ ആറ് സിപിഎം അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു കേരള കോൺഗ്രസ് ഭരണം പിടിച്ചത്. കേരള കോൺഗ്രസിനും ആറ് അംഗങ്ങൾ ജില്ലാ പഞ്ചായത്തിലൂണ്ട്. ഇതോടെ 22 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തിൽ 12 പേരുടെ പിന്തുണയോടെ കേരള കോൺഗ്രസ്-എം അധികാരം പിടിച്ചെടുക്കുകയായിരുന്നു.
സണ്ണി പാന്പാടിയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സര രംഗത്തുണ്ടായിരുന്നത്. ജില്ലാ പഞ്ചായത്തിലെ സിപിഐയുടെ ഏക അംഗം പി.സുഗുണൻ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. പി.സി.ജോർജിന്‍റെ ജനപക്ഷ മുന്നണിയുടെ പ്രതിനിധിയായ ലിസി സെബാസ്റ്റ്യൻ വോട്ട് അസാധുവാക്കുകയും ചെയ്തു.
കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചതാണ് പുതിയ രാഷ്ടീയ കരുനീക്കങ്ങൾക്ക് തുടക്കമായത്. കേരള കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന യുഡിഎഫ് രണ്ടര വർഷത്തിന് ശേഷം പ്രസിഡന്‍റ് പദവി മാണി വിഭാഗത്തിന് നൽകാം എന്നായിരുന്നു നേരത്തെയുള്ള ധാരണ. എന്നാൽ ഇതിന് ശേഷം യുഡിഎഫ് ബന്ധം മാണി അവസാനിപ്പിച്ചെങ്കിലും ജില്ലാ പഞ്ചായത്തിൽ സഹകരണം തുടരുകയായിരുന്നു. എന്നാൽ ജോഷി ഫിലിപ്പ് രാജിവച്ചതോടെ പുതിയ നീക്കങ്ങൾക്ക് മാണി തയാറാവുകയായിരുന്നു.