സിസ്​റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്​തസാക്ഷിപദവിയിലേക്ക് ഉയർത്തി ഔദ്യോഗിക പ്രഖ്യാപനം നവംബർ നാലിന്

08:11 am 26/5/2017

കൊച്ചി: ദൈവദാസി സിസ്​റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്​തസാക്ഷിപദവിയിലേക്ക് ഉയർത്തി ഔദ്യോഗിക പ്രഖ്യാപനം നവംബർ നാലിന് മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കും. രാവിലെ പത്തിന് ഇൻഡോർ ബിഷപ്സ്​ ഹൗസിനടുത്ത സ​െൻറ് പോൾസ്​ ഹൈസ്​കൂൾ ഗ്രൗണ്ടിലാണ്​ ചടങ്ങ്​. വത്തിക്കാനിൽനിന്ന്​ കർദിനാൾ ഡോ. ആഞ്ജലോ അമാത്തോ ചടങ്ങുകൾക്ക്​ നേതൃത്വം നൽകും.

ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, ഭോപ്പാൽ ആർച്ച്​​ ബിഷപ് ഡോ. ലിയോ കൊർണേലിയോ, മെത്രാപ്പോലീത്തമാർ, മെത്രാന്മാർ എന്നിവരും ശുശ്രൂഷകളിൽ പങ്കെടുക്കും. തുടർന്നു പൊതുസമ്മേളനം നടക്കും. പിറ്റേന്ന് സിസ്​റ്റർ റാണി മരിയയുടെ കബറിടമുള്ള ഉദയ്നഗർ സേക്രഡ്​ ഹാർട്ട് പള്ളിയിലും പ്രത്യേക ശുശ്രൂഷ ഉണ്ടാകും. ഇൻഡോറിൽ നടക്കുന്ന പ്രഖ്യാപനച്ചടങ്ങിൽ കേരളത്തിൽനിന്നുള്ള മെത്രാന്മാരും വൈദികരും എഫ്​.സി.സി സന്യാസിനികളും കുടുംബാംഗങ്ങളും പങ്കെടുക്കും.

വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനോടനുബന്ധിച്ച്​ കേരളസഭയുടെ ആഘോഷം നവംബറിൽ എറണാകുളത്ത്​ നടക്കും. എറണാകുളം-അങ്കമാലി അതിരൂപതയിലെ പുല്ലുവഴിയാണ്​ സിസ്​റ്റർ റാണി മരിയയുടെ ജന്മനാട്. മധ്യപ്രദേശിലെ േപ്രഷിതപ്രവർത്തനത്തിനിടെ 1995 ഫെബ്രുവരി 25നാണ്​ കൊല്ലപ്പെട്ടത്. എഫ്​.സി.സി സന്യാസിനി സമൂഹാംഗമായിരുന്നു സിസ്​റ്റർ റാണി മരിയ.