സി.എ വിദ്യാര്‍ഥിനിയുടെ മരണം; 2 പേര്‍ കസ്റ്റഡിയില്‍

09:20 am 14/3/2017

Newsimg1_37162001

കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേലിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പിറവം സ്വദേശിയായ യുവാവിനെ ഛത്തീസ്ഗഡില്‍ നിന്നു എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. മരിച്ച ദിവസം മിഷേലിന്‍റെ ഫോണിലേക്ക് ഇയാള്‍ വിളിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.

കലൂര്‍ പള്ളിയില്‍നിന്ന് പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കില്‍ രണ്ടുപേര്‍ പിന്തുടരുന്ന തരത്തില്‍ സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറയും പെണ്‍കുട്ടി ഗോശ്രീ പാലത്തിലൂടെ കരഞ്ഞുകൊണ്ട് പോകുന്നത് കണ്ട ആളുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ആത്മഹത്യയാകാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പൊലീസ് നിഗമനം.

മരണത്തിന് ഒരാഴ്ച മുമ്പ് തന്നെ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്തതായി പെണ്‍കുട്ടി വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. കലൂര്‍ പള്ളിയില്‍നിന്ന് പെണ്‍കുട്ടിയെ പിന്തുടര്‍ന്നത് ഇവരാകാനും സാധ്യതയുണ്ട്. ഇവരെ കണ്ടപ്പോള്‍ പെണ്‍കുട്ടി എതിര്‍ദിശയിലേക്ക് നടന്നുപോകുന്നത് പെണ്‍കുട്ടിക്ക് ഇവരെ നേരത്തേ അറിയാമെന്നതിന് തെളിവാണ്. കായലില്‍ 24 മണിക്കൂറിലേറെ കിടന്നിട്ടും മൃതദേഹം ജീര്‍ണിക്കാതിരുന്നതാണ് സംശയം ജനിപ്പിക്കുന്ന പ്രധാനഘടകം.