5:07 pm 6/3/2017

ദില്ലി: ടി പി സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയെതിനെതിരെ സുപ്രീംകോടതി. വ്യക്തിനിഷ്ടമായ താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെ മാറ്റിയതെന്ന് നീരീക്ഷിച്ച കോടതി വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. ജിഷാ വധത്തിന്റെ ഉത്തരവാദിത്വം തനിക്കാണെങ്കില്‍ കണ്ണൂരിലെ കൊലപാതങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്ന് സെന്‍കുമാര്‍ ചോദിച്ചു.
പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത് അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ ടി പി സെന്‍കുമാര്‍ നല്‍കിയ അപ്പീലിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ സൂപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയത്. ജിഷ വധക്കേസിന്റെയും പുറ്റിങ്ങല്‍ അപകടത്തിന്റെ അടിസ്ഥാനത്തിലുമാണ് മാറ്റിയതെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചതെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന്‍ പറഞ്ഞു. സംസ്ഥാന സെക്യൂരിറ്റി കമ്മീഷനോട് ആലോചിക്കാതെയാണ് സ്ഥലം മാറ്റം. ജിഷാ വധത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റിയതെങ്കില്‍ തന്നെ മാറ്റിയ ശേഷം നടന്ന 9 രാഷ്ട്രീയകൊലപാതങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും സെന്‍കുമാറിന്റെ അഭിഭാഷന്‍ ചോദിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമോ എന്ന ചോദിച്ച ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അങ്ങനെ തീരുമാനമെടുത്താല്‍ പൊലീസ് സേനയില്‍ ആരുമുണ്ടാകില്ലെന്നും വ്യക്തമാക്കി. വ്യക്തിനിഷ്‌ഠമായ താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. കേസ് വിശദമായി കേള്‍ക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇത് അച്ചടക്കനടപടിയെല്ലെന്നും സ്ഥലം മാറ്റം മാത്രമാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. സെക്യൂരിറ്റി കമ്മീഷന്‍ അച്ചടക്കനടപടി മാത്രമാണ് പരിഗണിക്കുന്നതെന്ന് സംസ്ഥാനം വിശദീകരിച്ചെങ്കിലും നിയമത്തില്‍ പഴുതുകളുണ്ടെങ്കില്‍ സുപ്രീംകോടതി തന്നെ പല ഉത്തരവുകളും നല്‍കിയിട്ടുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും
