02.26 PM 02/05/2017
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് തന്നെ വീണ്ടും നിയമിക്കണമെന്ന സുപ്രീംകോടതി നിർദേശം സർക്കാർ പാലിക്കാത്തതിനെതിരെ ടി.പി.സെൻകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെയാണ് സെൻകുമാർ ഹർജി നൽകിയിരിക്കുന്നത്.
നളിനി നെറ്റോയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. തന്നെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനു പിന്നിൽ അവർക്ക് നിർണായക പങ്കുണ്ടെന്നും പുനർനിയമനം വൈകിപ്പിക്കാൻ അവർ ഇടപെടൽ നടത്തുമെന്നും സെൻകുമാർ ഹർജിയിൽ ആരോപിച്ചിരുന്നു. കോടതി ഉത്തരവ് ഉടൻ നടപ്പിലാക്കാൻ നിർദേശിക്കണമെന്നും നഷ്ടപ്പെട്ട കാലാവധി നീട്ടിനൽകണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.
സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാൻ വൈകിയ കർണാടക ചീഫ് സെക്രട്ടറിക്ക് ഒരുമാസത്തെ തടവുശിക്ഷ നൽകിയ കാര്യവും ഹർജിയിൽ സെൻകുമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.