സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ചു

07:10 pm 11/4/2017

– സെബാസ്റ്റ്യന്‍ ആന്റണി


ന്യൂജേഴ്‌സി: ഒലിവില വീശി യേശുവിനു വരവേല്‍പ്പ് നല്‍കി ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി നടത്തിയ ഓശാന തിരുനാള്‍ ആഘോഷത്തോടെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ചു.

ഏപ്രില്‍ 9 ന് ഞായറാഴ്ച രാവിലെ 9.00ന് വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂര്‍വ്വമായ വിശുദ്ധ ബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. മാനവസ്‌നേഹത്തിന്‍റെ പുതിയ മാനങ്ങള്‍ അവയവദാനത്തിലൂടെ വിളംബരം ചെയ്ത പ്രശസ്ത ധ്യാന ഗുരുവും, കേരളാ കിഡ്‌നി ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിച്ച ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ്, ഫാ. ഫിലിപ് വടക്കേക്കര എന്നിവര്‍ സഹകാര്‍മ്മികരായി.

കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം എന്നിവയ്ക്കുശേഷം ക്രിസ്തുവിന്റെ ജെറൂശലേം ദോവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയെ അനുസ്മരിപ്പിച്ച് കുരുത്തോലകളും കൈയ്യിലേന്തി “ഓശാനാ…ഓശാനാ…ദാവീദാത്മജനോശാനാ…’ എന്ന പ്രാര്‍ത്ഥനാഗാനവും ആലപിച്ചുകൊണ്ട് ഇടവകാംഗങ്ങള്‍ ദേവാലയാങ്കണത്തിലൂടെ പ്രദക്ഷിണം നടത്തുകയും,തുടര്‍ന്നു ദേവാലയത്തില്‍ തിരിച്ചെത്തി ഓശാനയുടെ തുടര്‍ ശുശ്രൂഷകള്‍ നടത്തപ്പെടുകയും ചെയ്തു.

ദിവ്യബലി മധ്യേ നല്‍കിയ തിരുനാള്‍ സന്ദേശത്തില്‍, താന്‍ ഉയര്‍ത്തുന്ന സന്ദേശത്തിന് താന്‍ തന്നെ ഉയര്‍ന്ന മാതൃക കാട്ടണം എന്നും, പ്രസംഗിക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും, തന്റെ സഹ ജീവികളോടെ കാരുണ്യത്തോടെ പ്രവര്‍ത്തിക്കാത്തതാണ് ഏറ്റവും വലിയ പാപം എന്നും ഫാ. ചിറമേല്‍ ഓര്‍മ്മിപ്പിച്ചു.

ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ഓശാന തിരുനാളിന്റെ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

കഴിഞ്ഞ മൂന്നു ദിവസമായി ദേവാലയത്തില്‍ നടന്നു വന്ന ഇടവക വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത എല്ലാ ഇടവകങ്ങങ്ങള്‍ക്കും, ധ്യാനത്തിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും, പ്രത്യേകിച്ച് നല്ല ധ്യാന ചിന്തകളിലൂടെ മൂന്ന് ദിവസമായി ഇടയ ജനതയെ നയിച്ച ബഹു. ഫാ. ഡേവിസ് ചിറമേല്‍ അച്ചനും ഇടവകയുടെ പേരിലുന്ന നന്ദി വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് അറിയിച്ചു.

വിശുദ്ധ വാരാചരണത്തിന്റെ പ്രധാനദിനമായ ഏപ്രില്‍ 13 ന് പെസഹാ വ്യാഴാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് 7.30 ന് ആരംഭിക്കും. ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവയ്ക്കുശേഷം പരമ്പരാഗതരീതിയിലുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷയും നടത്തപ്പെടും. അന്ന് നടക്കുന്ന ദിവ്യബലിക്ക് ബഹുമാനപ്പെട്ട ഫാ.മീന വരപ്രസാദ് മുഖ്യ കാര്‍മ്മികനായിരിക്കും.

ഏപ്രില്‍ 14ന് ദുഖവെള്ളിയാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് മൂന്നുമണിക്ക് ആരംഭിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ബഹുമാനപ്പെട്ട ഇടവക വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് നേതൃത്വം നല്‍കും. ആഘോഷമായ കുരിശിന്റെവഴി, കുട്ടികളും, യുവാക്കളും നേതൃത്വം കൊടുക്കും. പീഡാനുഭവ വായന, കുരിശുവന്ദനം, പീഡാനുഭവ ചരിത്ര അവതരണം എന്നിവയ്ക്കുശേഷം കൈയ്പ് നീര്‍ കുടിക്കല്‍ ശുശ്രൂഷയും നടക്കും.

ഏപ്രില്‍ 15 ന് ദുഖശനിയാഴ്ച 9 മണിക്ക് പുത്തന്‍ ദീപം തെളിയിക്കലും, വെള്ളം വെഞ്ചരിക്കലും തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഫാ. ഫിലിപ് വടക്കേക്കര ദിവ്യബലിക്ക് നേതൃത്വം നല്‍കും.

ഉയിര്‍പ്പ് തിരുനാളിന്റെ ചടങ്ങുകള്‍ വൈകിട്ട് 7.30ന് ആരംഭിക്കും. ബഹുമാനപ്പെട്ട ഫാ.പോളി തെക്കനായിരിക്കും ഈവര്‍ഷത്തെ ഉയിര്‍പ്പ് തിരുനാളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുക.

വിശുദ്ധ വാരാചരണത്തില്‍ നടക്കുന്ന എല്ലാ പ്രാര്‍ത്ഥനാ ശുസ്രൂഷകളിലും എല്ലാ ഇടവകാംഗങ്ങളും ഭക്തിപൂര്‍വ്വം പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിപ്പാന്‍ വികാരി ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ് എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്ണ്ട: മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 3918461.

വെബ്: www.stthomassyronj.org