07.40 PM 03/05/2017
മട്ടാഞ്ചേരി: സ്ത്രീ വേഷം ധരിച്ച് ടൂറിസം കേന്ദ്രങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് പൊലിസ് പിടിയിലായി. കൊല്ലം അഞ്ചാലം മൂട് തൃക്കടുവൂര്‍ ക്ഷേത്രത്തിന് സമീപം പുല്ലേരിയില്‍ വീട്ടില്‍ ഷാജിയെന്ന് വിളിക്കുന്ന ഷാജഹാന്‍(37)നെയാണ് ഫോര്‍ട്ട്‌കൊച്ചി എസ്.ഐ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് പൊലിസ് പെട്രോളിംഗിനിടെ ഫോര്‍ട്ട്‌കൊച്ചി ടവര്‍ റോഡില്‍ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിന് സമീപത്ത് സ്ത്രീയുടെ വേഷം ധരിച്ച് നില്‍ക്കുകയായിരുന്ന ഷാജഹാനെ പൊലിസ് കാണുകയും പരുങ്ങിയ ഇയാളെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. വെളുത്ത തുണി സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് ഇയാള്‍ ഒളിപ്പിക്കുവാന്‍ ശ്രമിക്കുകയും കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെ ഓടിയ പൊലിസ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ചെറിയ പൊതികളിലാക്കിയാണ് ഇയാള്‍ കഞ്ചാവ് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നത്. സ്ത്രീ വേഷത്തില്‍ നടക്കുന്നത് സംശയിക്കാതിരിക്കാനാണെന്നും ഇയാള്‍ പറഞ്ഞതായി പൊലിസ് വ്യക്തമാക്കി. വര്‍ക്കലയിലെ ഒരു സുഹൃത്തില്‍ നിന്നാണ് ഇയാള്‍ക്ക് കഞ്ചാവ് ലഭിക്കുന്നതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലിസ് പറഞ്ഞു. ഇയാളുടെ കൈവശം വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലിസ് കണ്ടെടുത്തു. ഒരു ചെറിയ പൊതി കഞ്ചാവ് അഞ്ഞൂറ് രൂപ നിരക്കിലാണ് ഇയാള്‍ വില്‍പ്പന നടത്തുന്നത്. വിനോദ സഞ്ചാരത്തിനായി പുറത്ത് നിന്നെത്തുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ ലഹരി വില്‍പ്പന നടത്തുന്നത്. എ.എസ്.ഐമാരായ രഘുനന്ദനന്‍, ലീനസ്, സിവില്‍, പൊലിസ് ഓഫീസര്‍മാരായ റമീഷ്, ശ്രീനാഥ്, ഉമേഷ്, തിലകന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി.