08:07 am 2/1/2017
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂനിയന്‍ ബാങ്കും പഞ്ചാബ് നാഷനല്‍ ബാങ്കും വായ്പാ പലിശനിരക്ക് കുറച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ 0.9 ശതമാനവും യൂനിയന്‍ ബാങ്ക് 0.65 ശതമാനവും പഞ്ചാബ് നാഷനല്‍ ബാങ്ക് 0.7 ശതമാനവുമാണ് പലിശ കുറച്ചത്. കഴിഞ്ഞയാഴ്ച എസ്.ബി.ടി 0.3 ശതമാനവും ഐ.ഡി.ബി.ഐ 0.6 ശതമാനവും വായ്പാ പലിശനിരക്ക് കുറച്ചിരുന്നു. മറ്റ് ബാങ്കുകളും ഉടന്‍തന്നെ വായ്പാ പലിശനിരക്ക് കുറക്കുമെന്നാണ് സൂചന. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ആദ്യമായാണ് പലിശനിരക്കില്‍ ഇത്ര വലിയ കുറവ് വരുത്തുന്നത്. ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് ഇതോടെ കുറയും. ജനുവരി ഒന്നുമുതല്‍ പുതിയ പലിശ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
ഒരുവര്‍ഷ കാലയളവിലേക്കുള്ള വായ്പയുടെ പലിശ നിരക്ക് 8.90 ശതമാനത്തില്‍നിന്ന് എട്ട് ശതമാനമായാണ് എസ്.ബി.ഐ കുറച്ചത്. രണ്ടുവര്‍ഷ കാലയളവിലേക്കുള്ള വായ്പയുടെ പലിശനിരക്ക് 8.10 ശതമാനമായും മൂന്നുവര്‍ഷ കാലയളവുള്ള വായ്പയുടെ പലിശ 8.15 ശതമാനമായും കുറയും. എസ്.ബി.ഐയില്‍ വനിതകള്‍ക്ക് ഭവനവായ്പ 8.20 ശതമാനം നിരക്കിലും മറ്റുള്ളവര്‍ക്ക് 8.25 ശതമാനം നിരക്കിലും ലഭിക്കും. 9.15 ശതമാനത്തില്‍നിന്ന് 8.45 ശതമാനമായാണ് പഞ്ചാബ് നാഷനല്‍ ബാങ്ക് പലിശനിരക്ക് കുറച്ചത്.
നോട്ട് അസാധുവാക്കലിനുശേഷം ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടിയതാണ് പലിശനിരക്ക് കുറക്കാന്‍ വഴിയൊരുക്കിയത്. നോട്ട് അസാധുവാക്കലിനുശേഷം ബാങ്കുകളില്‍ 14.9 ലക്ഷം കോടി രൂപയുടെ നിക്ഷേപം എത്തിയെന്നാണ് കണക്ക്. വായ്പ നല്‍കുമ്പോള്‍ ബാങ്കുകള്‍ പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തിനും മുന്‍ഗണന നല്‍കണമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. നോട്ട് അസാധുവാക്കലിന്‍െറ ഗുണഫലമാണ് പലിശനിരക്ക് കുറഞ്ഞതെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ട്വീറ്റ് ചെയ്തു. വായ്പ അനുവദിക്കുന്നതില്‍ വര്‍ധനയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.