സ്റ്റേറ്റ് ബാങ്ക് ഗ്രൂപ് എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ച് അറിയിപ്പ്.

08:12 am 3/2/1/2017
download (2)

കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഗ്രൂപ് എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ച് അറിയിപ്പ്. ആഴ്ചയില്‍ പിന്‍വലിക്കാവുന്നത് 10,000 രൂപയായി നിജപ്പെടുത്തിയ നിര്‍ദേശം വ്യാഴാഴ്ചയാണ് ബാങ്കുകള്‍ക്ക് ലഭിച്ചത്. ഇതനുസരിച്ച ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഐ.ടി വിഭാഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

നോട്ട് അസാധുവാക്കലിന് പിന്നാലെ എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഫെബ്രുവരി ഒന്നുമുതല്‍ നീക്കിയതായി റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. എ.ടി.എമ്മുകളില്‍നിന്ന് ഒറ്റത്തവണ 24,000 രൂപവരെ പിന്‍വലിക്കാമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, പിന്‍വലിക്കാവുന്ന പരിധി 10,000 രൂപയായിരിക്കുമെന്നാണ് സ്റ്റേറ്റ് ബാങ്ക് നിലപാട്. ഇതുസംബന്ധിച്ച് എസ്.ബി.ടി ഐ.ടി.എസ് വിഭാഗം അസിസ്റ്റന്‍റ് മാനേജരുടെ അറിയിപ്പും ശാഖകള്‍ക്ക് ലഭിച്ചിട്ടുണ്ട്.

സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്കുപുറമെ എ.ടി.എമ്മുമായി ലിങ്ക് ചെയ്ത കറന്‍റ് അക്കൗണ്ട്, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് എന്നിവയില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയും 10,000 രൂപയായിരിക്കുമെന്ന് അറിയിപ്പിലുണ്ട്. കറന്‍സി നോട്ടുകള്‍ ആവശ്യാനുസരണം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് പിന്‍വലിക്കാവുന്ന പരിധി 10,000 രൂപയായി നിജപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് നിര്‍ദേശം. 500, 100 രൂപ നോട്ടുകളുടെ ക്ഷാമം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മിക്ക എ.ടി.എമ്മിലും 2000 രൂപയുടെ നോട്ട് മാത്രമാണ്.