o 8.43 am 6/2/2017

കേരള മനസാക്ഷിയെ ഞെട്ടിച്ച് സൗമ്യ മരണത്തിന് കീഴടങ്ങിയ ദിവസമാണ് ഇന്ന്. ആറ് വര്‍ഷം മുമ്പാണ് ബലാത്സംഗ ശ്രമത്തിനിടെ തീവണ്ടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സൗമ്യ മരിച്ചത്.
2011 ഫെബ്രുവരി ഒന്നിനാണ് രാത്രിയില്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് ചോരയില്‍ കുളിച്ച് അബോധാവസ്ഥയിലുള്ള ഒരു പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. സൗമ്യ വിശ്വനാഥന് വേണ്ടി കേരളമൊന്നാകെ പ്രാര്‍ത്ഥിച്ചെങ്കിലും അഞ്ച് ദിവസത്തിനു ശേഷം ആശുപത്രിയില്‍ വച്ച് സൗമ്യ മരണത്തിന് കീഴടങ്ങി. പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗോവിന്ദ സ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. തീവണ്ടിയില്‍ വച്ച് കവര്‍ച്ചാശ്രമം തടയുന്നതിനിടെ സൗമ്യയെ പ്രതി താഴേക്ക് വലിച്ചെറിഞ്ഞെന്നും പിന്നീട് പ്രതി സൗമ്യയെ ക്രൂരമായി പീഡിപ്പിച്ച ശേഷം മൊബൈല്‍ അടക്കമുള്ള വസ്തുക്കള്‍ കവര്‍ന്നെന്നും പൊലീസ് കണ്ടെത്തി.
കേരളം ഇതുവരെ കാണാത്ത പ്രതിഷേധമാണ് അന്നുണ്ടായത്. അതിവേഗ കോടതിയിലൂടെ പ്രതിക്ക് ശിക്ഷ എത്രയും വേഗം ലഭിക്കാന്‍ സര്‍ക്കാരും ആവുന്നതെല്ലാം ചെയ്തു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ഫോറന്‍സിക് തെളിവുകളാണ് നിര്‍ണായകമായത്. കേരളത്തിലെ ഭിക്ഷാടന മാഫിയ എത്രമാത്രം ശക്തമാണെന്ന തിരിച്ചറിവുണ്ടാക്കുന്നതിനും കേസ് കാരണമായി. തൃശൂര്‍ അതിവേഗ കോടതി വധശിക്ഷ വിധിച്ച ഗോവിന്ദ സ്വാമിക്ക് വേണ്ടി ലക്ഷങ്ങള്‍ ചിലവഴിച്ച് കേസ് നടത്താന്‍ ചില കേന്ദ്രങ്ങളെത്തി. 2013ല്‍ ഹൈക്കോടതിയും വധശിക്ഷ ശരിവച്ചു. എന്നാല്‍ 2014 ജൂലൈയില്‍ വധശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി 2016 സെപ്റ്റംബര്‍ 15ന് വധശിക്ഷ റദ്ദാക്കി. പ്രതി ബലാത്സംഗം ചെയ്തതിനും ആക്രമിച്ചതിനും തെളിവുണ്ടെങ്കിലും കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൗമ്യയുടെ കുടുംബം.
