സർക്കാർ ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി

07:44 pm 6/4/2017


മലപ്പുറം: സർക്കാർ ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്‍റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ആ കുടുംബത്തോടുള്ള കരുതൽ എന്നുമുണ്ടാകും. മകൻ നഷ്ടമായ അമ്മയോട് അനുഭാവം കാണിച്ചിട്ടുണ്ടെന്നും പിണറായി മലപ്പുറത്ത് പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി എം.ബി ഫൈസലിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പൊലീസ് വലിച്ചിഴച്ചിട്ടില്ല. വലിച്ചിഴച്ചുവെന്ന് വരുത്താൻ ശ്രമമുണ്ടായി. പുറത്തു നിന്ന് എത്തിയവരാണ് സമരം വഷളക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ജിഷ്ണുവിന്‍റെ അമ്മയോട് പൊലീസ് ധാര്‍ഷ്ട്യം കാണിച്ചതായി തനിക്കറിയില്ലെന്നും ഇക്കാര്യത്തിൽ എം.എ ബേബിയുടെ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പിണറായി മാധ്യമപ്രവർത്തകരോട് പറഞ്ഞു.