ഹൂസ്റ്റണ്‍ സെന്റ് മേരീസില്‍ 40 മണിക്കൂര്‍ ആരാധനയും പുറത്തു നമസ്കാരവും

07:25 am 12/2/2017

– അനില്‍ മറ്റത്തിക്കുന്നേല്‍
Newsimg1_20332554
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഫൊറോനാ ദൈവാലയത്തില്‍ 40 മണിയ്ക്കൂര്‍ ആരാധനയും, പുറത്ത് നമസ്കാരവും, ദിവ്യകാരുണ്യ അത്ഭുത പ്രദര്‍ശനവും നടത്തപ്പെടുന്നു. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍. ജോയി ആലപ്പാട്ട്, ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ തുടങ്ങി നിരവധിപേര്‍, വിവിധ ദിവസങ്ങളിലായി കാര്‍മികത്വം വഹിക്കുന്ന തിരുക്കര്‍മ്മങ്ങള്‍, ഫെബ്രുവരി 17 വെള്ളിയാഴ്ച ആരംഭിച്ച് ഫെബ്രുവരി 19 ഞായറാഴ്ച അവസാനിക്കത്തക്ക വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 17 ന് വൈകുന്നേരം ഏഴുമണിക്ക് വി. കുര്‍ബ്ബാനയോടെ 40 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ആരാധനക്ക് തുടക്കമാകും.

വിവിധ കൂടാരയോഗങ്ങളുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നടത്തപെടുന്ന ജപമാലകളും, കുരിശിന്റെ വഴികളും ആരാധനയുമൊക്കെയായി മുന്നോട്ടു പോകുന്ന തിരുക്കര്‍മ്മങ്ങള്‍, ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അഭി. ജോയി പിതാവിന്റെ മുഖ്യ കാര്മികത്വത്തിലുള്ള കുര്‍ബ്ബാനയോടേയും ദിവ്യകാരുണ്യ പ്രദിക്ഷണത്തോടെയുമാണ് പര്യവസാനിക്കുക. ശനിയാഴ്ച 8 മണിക്കായിരിക്കും ചരിത്ര പ്രസിദ്ധമായ പുറത്തുനമസ്കാരം നടത്തപ്പെടുക. ഈ ദിവസങ്ങളിലുടനീളം സന്ദര്‍ശിക്കുവാന്‍ സാധിക്കത്തക്ക വിധത്തില്‍ 100 ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടന്ന സ്ഥലങ്ങളെപ്പറ്റിയും അത്ഭുതങ്ങളെപ്പറ്റിയും വിവരിക്കുന്ന പ്രദര്‍ശനവും സജ്ജീകരിക്കുന്നുണ്ട്. ഇടവക വികാരി ഫാ. സജി പിണര്‍ക്കയിലിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു. ദിവ്യകാരുണ്യ നാഥനെ അടുത്തറിയുവാനും, അവനോടൊത്ത് സഹവസിച്ചുകൊണ്ട് , അവന്റെ കൃപയും കരുണയും അനുഭവിക്കുവാനുമായി ഏവരെയും ക്ഷണിക്കുന്നതായി വികാര. ഫാ. സജി പിണര്‍ക്കയില്‍ അറിയിച്ചു.