08:05 am 17/3/2017
വാഷിംഗ്ടണ്‍: യുഎസിലെ ഏറ്റവും പഴക്കമുള്ളതും പ്രമുഖവുമായ ശാസ്ത്ര പുരസ്ക്കാരം ഇന്ത്യൻ വംശജയ്ക്ക്. ന്യൂജേഴ്സി സ്വദേശിയായ ഇന്ദ്രാണി ദാസാണ് 1.63 കോടിയുടെ ശാസ്ത്ര പുരസ്കാരത്തിന് അർഹയായത്. തലച്ചോറിലെ ക്ഷതം, ന്യൂറോ ഡിജനറേറ്റിവ് തുടങ്ങിയ രോഗങ്ങൾ മൂലമുണ്ടാകുന്ന മരണത്തെ ചെറുക്കുന്നതു സംബന്ധിച്ച ഗവേഷണത്തിനാണു 17കാരിയായ ഇന്ദ്രാണിക്ക് പുരസ്കാരം ലഭിച്ചത്.
ഇന്ദ്രാണിക്കു പുറമേ ഇന്ത്യൻ വംശജരായ നാലു വിദ്യാർഥികൾ കൂടി ആദ്യ പത്തിൽ ഇടം പിടിച്ചു. ഇന്ത്യൻ വംശജനായ അർജുൻ രാമണി മൂന്നാം സ്ഥാനത്തിന് അർഹനായി. 98 ലക്ഷം രൂപയാണ് അർജുൻ രാമണിക്കു സമ്മാനമായി ലഭിക്കുന്നത്.
റീജനറേഷൻ സയൻസ് ടാലെന്‍റാണ് മത്സരം നടത്തിയത്. ശാസ്ത്ര വിഷയങ്ങളിലും ഗണിതത്തിലുമുള്ള വിദ്യാർഥികളുടെ കഴിവ് കൂടി പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. ആദ്യ 40 സ്ഥാനങ്ങളിൽ വരുന്ന വിദ്യാർഥികൾക്കായി 1.8 മില്യണ്‍ യുഎസ് ഡോളറിന്‍റെ സമ്മാനങ്ങളാണ് നൽകുന്നത്.