12:18 pm 16/3/2017

കൊല്ലം: കുണ്ടറ നാന്തിരിക്കലിൽ 10 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം മികച്ച നിലയിൽ പുരോഗമിക്കുന്നതായി കൊല്ലം റൂറൽ എസ്.പി എസ്. സുരേന്ദ്രൻ. അന്വേഷണത്തോട് പെൺകുട്ടിയുടെ ബന്ധുക്കൾ സഹകരിക്കുന്നില്ല. കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളടക്കം 6 പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും എസ്.പി പറഞ്ഞു.
രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 10 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സൈബർ സെല്ലിന്റെ പ്രത്യേക സംഘത്തിനും രൂപം നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തേണ്ടിയിരുന്നു. അന്വേഷണത്തിൽ വീഴ്ചപറ്റിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതെന്നും എസ്.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 14 നാണ് 10 വയസുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. റിപ്പോർട്ട് ജനുവരി 16നു തന്നെ കൊട്ടാരക്കര റൂറൽ എസ്.പി, എഴുകോൺ സി.ഐ എന്നിവർക്ക് ലഭിച്ചെങ്കിലും അവർ അന്വേഷണം നടത്തിയില്ല. സംഭവത്തിൽ ദുരൂഹത ഇല്ലെന്നായിരുന്നു തുടക്കം മുതൽ പൊലീസ് സ്വീകരിച്ച നിലപാട്.
