12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ പൂജാരി അറസ്റ്റില്‍.

04:56 pm 3/4/2017

കൊല്ലം: കരുനാഗപ്പള്ളിയില്‍ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ പൂജാരി അറസ്റ്റില്‍. പെണ്‍കുട്ടിയെ ഇയാള്‍ ബലാല്‍സംഗം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവം ഒളിച്ച് വച്ചതിന് പെണ്‍കുട്ടിയുടെ അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വീടിനുള്ളില്‍ ജനലില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് പന്ത്രണ്ട് വയസുകാരിയെ കണ്ടത്. മരണത്തില്‍ ദുരൂഹത സംശയിച്ച പൊലീസ് മൃതദേഹം മെഡിക്കല്‍കോളേജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. പെണ്‍കുട്ടി മാസങ്ങളോളം പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. തുടര്‍ന്ന് സംശയം തോന്നിയ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂട്ടത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ പൂജാരി രഞ്ചുവും ഉണ്ടായിരുന്നു. ആദ്യമൊക്കെ ചോദ്യം ചെയ്യലില്‍ നിസഹരിച്ച ഇയാള്‍ പൊലീസിന് തെറ്റായ വിവരങ്ങള്‍ നല്‍കി. പെണ്‍കുട്ടിയുടെ അമ്മയേയും ഇയാളേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വന്നത്. ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ അമ്മയുമായി ചില വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില സാഹചര്യങ്ങള്‍ പെണ്‍കുട്ടി നേരിട്ട് കാണുകയും ചെയ്തു. തുടര്‍ന്നാണ് രഞ്ചു ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. അമ്മയോട് പറഞ്ഞെങ്കിലും ഒളിച്ച് വയ്ക്കാനായിരുന്നു മറുപടി. തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പൂജാരിയായ രഞ്ചു, പെണ്‍കുട്ടിയുടെ അമ്മ എന്നിവര്‍ക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തു. പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാര്‍ രോഷാകുലരായി പ്രതികളെ കല്ലെറിഞ്ഞു