ഇംഫാൽ: 15 വർഷം മണിപ്പൂരിൽ കോൺഗ്രസ് ചെയ്യാതിരുന്ന കാര്യങ്ങൾ 15 മാസങ്ങൾ കൊണ്ട് ചെയ്യാൻ സാധിക്കുമെന്ന് ഇംഫാലിലെ റാലിയിൽ നരേന്ദ്ര മോദി .വടക്ക് കിഴക്കൻ ഇന്ത്യയുടെ വികസനം നടപ്പിലാകാതെ ഇന്ത്യയുടെ വികസനം പൂർണമാവില്ലെന്നും മോദി പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2014ൽ ഇതേ വേദിയിൽ താൻ മുമ്പ് പ്രസംഗിച്ചപ്പോൾ മൈതാനത്തിെൻറ പകുതി ഭാഗത്ത് മാത്രമേ ആളുകളുണ്ടായിരുന്നുവുള്ളു. എന്നാൽ ഇന്ന് മൈതാനം നിറഞ്ഞിരിക്കുകയാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ 15 വർഷമായി വൻ അഴിമതിയാണ് മണിപ്പൂരിൽ നടക്കുന്നത്. വാജ്പേയ് സർക്കാറാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി പ്രവർത്തിച്ചത്. കോൺഗ്രസ് സർക്കാർ ഇതിനായി ഒന്നും ചെയ്തിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. മൊറാർജി ദേശായിക്ക് ശേഷം താനാണ് എൻ.ഇ.സി മീറ്റിങ്ങിനായി വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെത്തിയ പ്രധാനമന്ത്രിയെന്നും മോദി പറഞ്ഞു.

