20കാരി കൊൽക്കത്തയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി

08:39 AM 31/05/2016
download (1)
കൊൽക്കത്ത: ബംഗാളിലെ കൊൽക്കത്തയിൽ 20കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. നിരവധി ഐ.ടി ജോലിക്കാർ താമസിക്കുന്ന കൊൽക്കത്ത സാൾട്ട് ലേക് സെക്ടർ അഞ്ചിലാണ് സംഭവം.

ഞായറാഴ്ച രാത്രി 11.30യോടെ ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് പോകുംവഴി യുവതിക്ക് വഴിതെറ്റി. ഇതേതുടർന്ന് ഫോണിൽ സംസാരിച്ചു കൊണ്ടു നിന്ന ഒരാളോട് വഴി ചോദിച്ചു. ശേഷം നടന്നു പോയ യുവതിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. യുവതിക്ക് വഴി പറഞ്ഞു കൊടുത്ത ആളും കാറിലുണ്ടായിരുന്നു. വാഹനത്തിൽവെച്ചാണ് തന്നെ കൂട്ടബലാത്സംഗം ചെയ്തതെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പുലർച്ചയോടെ ബസ് സ്റ്റോപ്പിൽ ഉപേക്ഷിക്കപ്പെട്ട യുവതിയെ ഒരു ടാക്സി ഡ്രൈവറാണ് പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച് യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.