10:14 am 11/12/2016
കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍ണായക അവലോകനയോഗം ഞായറാഴ്ച കൊച്ചിയില്‍ നടക്കും. അടുത്ത ഏപ്രിലില്‍ ട്രാക്കില്‍ കുതിക്കുമെന്ന് പ്രതീക്ഷിക്കുന്ന മെട്രോ നിര്‍മാണം മന്ദഗതിയിലാണെന്ന പരാതികള്‍ക്കിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് പദ്ധതി പുരോഗതി വിലയിരുത്തുന്നത്. മെട്രോക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച ധാരണപത്രവും ഒപ്പുവെക്കും.
ഉച്ചക്ക് 12ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഓഫിസിലാണ് യോഗം. മെട്രോയുടെ ആലുവ-പേട്ട റൂട്ടിലെ പുരോഗതിയാണ് വിലയിരുത്തുക. കാക്കനാട്ടേക്കുള്ള മെട്രോയുടെ അടുത്തഘട്ടം, ജലമെട്രോ പദ്ധതി, കെ.എം.ആര്‍.എല്‍ ഏറ്റെടുത്ത നഗരവത്കരണ പദ്ധതികള്‍, ഭൂമിയേറ്റെടുക്കല്‍, പുനരധിവാസം ഉറപ്പാക്കല്‍ നിയമം, മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചട്ടം അംഗീകരിക്കല്‍ എന്നിവയും ചര്‍ച്ച ചെയ്യും.
കൊച്ചി മെട്രോ സ്റ്റേഷനുകളുടെ പരിപാലനം, കാന്‍റീന്‍ നടത്തിപ്പ്, പാര്‍ക്കിങ് നിയന്ത്രണം, യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍, ടിക്കറ്റ് വിതരണം എന്നിവയാണ് കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിക്കുന്നത്.

