ആര്‍.എസ്.എസ്. നടത്തിയ ആയുധ പരിശീലനങ്ങൾ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ എന്നിവയെ കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം

03:47 PM 04/01/2017
download
തിരുവനന്തപുരം: കേരളത്തിലെ 30 കേന്ദ്രങ്ങളില്‍ ക്രിസ്തുമസ് അവധിക്കാലത്ത് ആര്‍.എസ്.എസ്. നടത്തിയ ആയുധ പരിശീലനങ്ങൾ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ എന്നിവയെ കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ശിബിരം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആയുധപരിശീലനം നടത്തിയത് ദൃശ്യമാധ്യമങ്ങൾ തെളിവു സഹിതം പുറത്തുകൊണ്ടു വന്നിട്ടുണ്ടെന്നും സെക്രട്ടേറിയറ്റ് പുറത്തിയിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആറു ദിവസങ്ങളിലായി നടത്തിയ ശിബിരത്തില്‍ പരിശീലിപ്പിച്ച കാര്യങ്ങള്‍ സംസ്ഥാനത്തെ കലാപ കേന്ദ്രമാക്കാന്‍ ആര്‍.എസ്.എസ്. തയാറെടുക്കുന്നതിന്‍റെ തെളിവാണ്. ഈ പരിപാടിക്കായി ചില സ്ഥലങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉപയോഗിച്ചുവെന്നത് അത്യന്തം ഗൗരവമുള്ള വിഷയമാണ്. ഇതിന് ആരാണ് അനുമതി നൽകിയതെന്ന് പ്രത്യേകം പരിശോധിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആയുധ പരിശീലനം നടത്തി ദുരുപയോഗപ്പെടുത്താന്‍ അനുവദിച്ചു കൂടാ. കാസര്‍േകാഡ് ബി.ജെ.പി. ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകമായ അക്രമണമാണ് അഴിച്ചുവിട്ടത്. എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു കൂട്ടമായി കേന്ദ്രഭരണത്തിന്‍റെ തണലില്‍ ബി.ജെ.പി. മാറിയിരിക്കുകയാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ.