07:56 am 17/3/2017
ന്യൂഡൽഹി: 301 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാക്കിസ്ഥാൻ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ഇതിൽ 77 പേരുടെ തടവ് മാത്രമാണ് പാക്കിസ്ഥാൻ അംഗീകരിച്ചിട്ടുള്ളതെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. ഇവരുടെ മോചനത്തിനായി ഉൗർജിത ശ്രമങ്ങൾ നടക്കുകയാണെന്നും അവർ വ്യക്തമാക്കി.
2014നുശേഷം പാക് ജയിലുകളിൽ കഴിഞ്ഞിരുന്ന 1,261 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 438 പേരെയും മോചിപ്പിച്ചു. നിലവിൽ 301 മത്സ്യത്തൊഴിലാളികൾ പാക് ജയിലുകളിൽ കഴിയുന്നുണ്ട്. എന്നാൽ പാക്കിസ്ഥാൻ 77 പേരുടെ സാന്നിധ്യം മാത്രമാണ് അംഗീകരിച്ചിട്ടുള്ളതെന്നും സുഷമ സ്വരാജ് രാജ്യസഭയിൽ പറഞ്ഞു.
എല്ലാ വർഷവും തടവിൽ കഴിയുന്നവരുടെ എണ്ണം സംബന്ധിച്ച് ഇരുരാജ്യങ്ങളും രേഖകൾ കൈമാറാറുണ്ടെന്നും ഏറ്റവുമൊടുവിൽ ഇതു സംഭവിച്ചത് ഈ വർഷം ജനുവരി ഒന്നിനാണെന്നും മന്ത്രി വ്യക്തമാക്കി.