08:56 am 20/2/2017
പെരുമ്പിലാവ്: ഹോം നഴ്സ് ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചു. കൊല്ലം കൊട്ടാരക്കര ഒായൂർ തനയാറത്ത് സതീഷ് മന്ദിരത്തിൽ വർഷ (മഞ്ജു-28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പഴഞ്ഞി കൊട്ടോൽ കൊട്ടിലണ്ടൽ ഹുസൈൻ (32) പെരുമ്പിലാവ് പൊലീസിൽ കീഴടങ്ങി.
തിങ്കളാഴ്ച പുലർച്ചെ നാലു മണിക്കായിരുന്നു സംഭവം. മൃതദേഹം പെരുമ്പിലാവ് സെൻററിൽ പുതുതായി നിർമിക്കുന്ന ഷോപ്പിങ് മാളിന് സമീപത്തെ വാഴത്തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. പെരുമ്പിലാവ് അൻസാർ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലെ രോഗിയുടെ സഹായി ആയിട്ടാണ് വർഷ ജോലി ചെയ്തിരുന്നത്. ഇതേസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഹുസൈൻ.
ഇരുവരും തമ്മിൽ അവിഹിത ബന്ധം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പെരുമ്പിലാവിലെ ഫാമിലി ക്വാട്ടേഴ്സിലാണ് ഹുസൈനും കുടുംബവും താമസിച്ചിരുന്നത്. ഭാര്യക്കുണ്ടായ ശസ്ത്രക്രിയയെ തുടർന്ന് ഭാര്യയും മകനും അവരുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോകൾ കാണിച്ച് യുവതി ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ക്വാട്ടേഴ്സിലെത്തിയ യുവതിയും ഹുസൈനും തമ്മിൽ വാക്കുതർക്കവും സംഘട്ടനവും നടന്നതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പുറത്തെത്തിച്ച മൃതദേഹം 100 മീറ്റർ അകലെയുള്ള വാഴത്തോട്ടത്തിൽ പ്രതി ഉപേക്ഷിക്കുകയായിരുന്നു. ഹുസൈനെ വാഴത്തോട്ടത്തിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു.
കുന്നംകുളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും. ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ശേഷം കുറച്ചുകാലമായി ഹോം നഴ്സായി ജോലി ചെയ്തു വരികയായിരുന്നു വർഷ.