തൃശൂർ: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാമ്പാടി നെഹ്റു കോളജ് ചെയർമാൻ പി. കൃഷ്ണദാസിനെ പോലീസ് വിട്ടയച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിൽ അഞ്ചു മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമാണ് കൃഷ്ണദാസിനെ വിട്ടയച്ചത്. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. ആവശ്യമായിവന്നാൽ കൃഷ്ണദാസിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകിട്ട് ആറോടെയാണ് കൃഷ്ണദാസിനെ ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.
ബുധനാഴ്ച മുതൽ തുടങ്ങുന്ന സമരത്തിൽ മാറ്റമില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്തിനു മുന്നിലാണ് സമരം.

