57 -ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും.

08:33 am 22/1/2017
download (1)

കണ്ണൂര്‍: 57 -ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ഏറ്റവും പുതിയ സ്കോര്‍ പട്ടിക അനുസരിച്ച് 914 പോയിന്‍റ് നേടി പാലക്കാട് ജില്ലയാണ് മുന്നില്‍. 913 പോയിന്‍റ് നേടി കോഴിക്കോട് തൊട്ടു പിന്നാലെയുണ്ട്. 911 പോയിന്‍റുമായി കണ്ണൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. കലോത്സവചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കപ്പ് നേടിയ ചരിത്രമുള്ള കോഴിക്കോട് തുടര്‍ച്ചയായ പത്ത് കിരീടങ്ങള്‍ എന്ന അപൂര്‍വനേട്ടം സ്വന്തമാക്കാനായി കടുത്ത പോരാട്ടം നടത്തുകയാണ്.
പ്രധാനമായും നാല് ഇനങ്ങളിലാണ് അവസാന ദിനത്തിലെ മത്സരങ്ങള്‍. നാടൻ പാട്ട്, വഞ്ചിപ്പാട്ട്, ദേശഭക്തിഗാഗം, ചെണ്ടമേളം എന്നീ ഇനങ്ങളാണ് ഇന്നുള്ളത്.
അതിനിടെ ഹയർ സെക്കന്ററി വിഭാഗം കുച്ചുപ്പുടി മത്സരത്തിൽ വിജിലൻസ് ത്വരിതാ ന്വേഷണം തുടങ്ങി .വിധികർത്താവിനെ സ്വാധീനിക്കാൻ കോഴിക്കോട് സ്വദേശിയായ നൃത്താധ്യാപകൻ ശ്രമിച്ചുവെന്നാണ് പരാതി. പരാതി ശരിവെക്കുന്ന പ്രാഥമിക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കലോത്സവത്തിൽ വിജിലൻസ് നിരീക്ഷണം ഏർപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ പരാതിയാണിത്.