03:15pm 29/6/2016

കണ്ണൂര്‍: കളക്ടറേറ്റും താവക്കരയിലെ ഭാരത് പെട്രോളിയം കോര്‍പറേഷന്റെ സംഭരണ ടാങ്കും തകര്‍ക്കുമെന്നു ഭീഷണി മുഴക്കി ജില്ലാ കളക്ടര്‍ക്ക് അജ്ഞാതന്റെ കത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്കു തപാലിലാണു കത്ത് കളക്ടറേറ്റില്‍ ലഭിച്ചത്. വെള്ളക്കടലാസില്‍ എഴുതിയ കത്തില്‍ ആരാണു അയച്ചതെന്ന സൂചനയൊന്നുമില്ല.
‘ഇവിടെ കര്‍ഷകരെ ജപ്തി ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിച്ച് കളക്ടറേറ്റും താവക്കരയിലെ ഭാരത് പെട്രോളിയം കോര്പറേഷന് ടാങ്കും തകര്‍ക്കും’ എന്നാണ് നാലുവരിയിലുള്ള കത്തിലുള്ളത്. കളക്ടര്‍ പി. ബാലകിരണിനു കിട്ടിയ കത്ത് ജില്ലാ പോലീസ് സൂപ്രണ്ടിനു കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീവ്രവാദ സംഘടനകളും മറ്റും ബന്ധപ്പെട്ടും അന്വേഷിക്കുമെന്നു പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
