കേരളം പിടിക്കാൻ ബിജെപിയുടെ കർമ്മരേഖ

03:20 pm 24/9/2016
download
കോഴിക്കോട്: സഭാ നേതൃത്വത്തെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ബിജെപിക്കൊപ്പം നിർത്താൻ നടപടി വേണമെന്ന് കേന്ദ്ര നേതൃത്വത്തോടാവശ്യപ്പെട്ട് സംസ്ഥാന ഘടകം. കേരള വികസനത്തിനുളള ദർശന രേഖ സംസ്ഥാന നേതാക്കൾ ഇന്ന് പ്രധാനമന്ത്രിക്ക് സമർപ്പിക്കും.
കേരളത്തിൽ താമരഭരണമെന്ന ഷായുടെ ലക്ഷ്യത്തിലേക്കെത്താൻ മതന്യൂനപക്ഷങ്ങളുടെ സഹായം കിട്ടാതെ പറ്റില്ലെന്നാണ് കേരള ഘടകത്തിന്റെ ആവശ്യം. ചില ക്രൈസ്തവ വിഭാഗങ്ങൾക്ക് പാർട്ടിയോടുള്ള ബന്ധത്തിൽ മാറ്റമുണ്ടായെങ്കിലും കേന്ദ്ര ഇടപടെൽ വഴി സമീപനം ശക്തമാക്കണം.
സഭാ ബന്ധം മധ്യകേരളത്തിൽ വൻനേട്ടമുണ്ടാക്കുമെന്നാണ് കുമ്മനത്തിന്റെ വിലയിരുത്തൽ. മെയ്ക്ക് ഇൻ ഇന്ത്യ മാതൃകയിൽ മെയ്ക്ക് ഇൻ കേരള പദ്ധതികൾ, ആറന്മുളയെ പൈതൃക ഗ്രാമമായി പ്രഖ്യാപിക്കൽ അടക്കമുള്ള ആവശ്യങ്ങളും സംസ്ഥാന ഘടകം മുന്നോട്ട് വച്ചു.
ഇത്തരം ആവശ്യങ്ങൾ അടങ്ങിയ കേരള ദർശനരേഖ സംസ്ഥാന ഘടകം പ്രധാനമന്ത്രിക്ക് സമർപ്പിക്കും. ഭരണം പാതി വഴി പിന്നിട്ടിട്ടും കേരള നേതാക്കൾക്ക് ദില്ലിയിൽ കാര്യമായ പരിഗണന കിട്ടുന്നില്ലെന്ന പരാതിയും നേതാക്കൾ ഉന്നയിച്ചു. ദേശീയ കൗൺസിലിന് ശേഷമുള്ള പാർട്ടി അഴിച്ചുപണിയിൽ കേരളത്തിന് അർഹമായ പരിഗണന ഉണ്ടാകുമെന്നാണ് അമിത് ഷായുടെ ഉറപ്പ്.