02:24 PM 17/10/2016
കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുൽ ഇസ്ലാമിനുവേണ്ടി അഡ്വ. ബി.എ. ആളൂര്‍ ഹാജരാകും. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീംകോടതിയില്‍ അടക്കം ഹാജരായ അഭിഭാഷകനാണ് ആളൂര്‍. ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്നാവശ്യപ്പെട്ട് അമീറുൽ ഇസ്ലാം നല്കിയ അപേക്ഷ കോടതി അംഗീകരിച്ചു.
കഴിഞ്ഞ ഏപ്രില്‍ 28നാണ് രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറയില്‍ 29 കാരിയായ നിയമ വിദ്യാര്‍ഥിനി ജിഷയെ രാത്രി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കൂലിപ്പണിക്ക് പോയിരുന്ന അമ്മ രാത്രി 8.30ന് വീട്ടിലെത്തിയപ്പോഴാണ് ജഡം കണ്ടത്. നെഞ്ചിലും കഴുത്തിലും തലയുടെ പിന്‍വശത്തും താടിയിലും ആയുധം കൊണ്ടുണ്ടായ മുറിവുണ്ടായിരുന്നു. ആന്തരാവയവങ്ങള്‍ വയര്‍പൊട്ടി പുറത്തുവന്ന നിലയിലായിരുന്നു. ചുരിദാറിന്റെ ടോപ്പ് മാത്രമേ ശരീരത്തില്‍ ഉണ്ടായിരുന്നുള്ളൂ. നാടിനെ നടുക്കിയ കൊലപാതകക്കേസില്‍ അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമിനെ നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 14 ന് തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.