കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു:

10:27am 01/2/2016
download

തൃശൂര്‍: 2014-ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്ര സംഭാവനാ പുരസ്‌കാരവും പ്രഖ്യാപിച്ചു. നിരൂപകന്‍ പ്രഫ. എം. തോമസ് മാത്യു, കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കര്‍ എന്നിവരെയാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെലോഷിപ്) നല്‍കി ആദരിക്കുന്നതെന്ന് പ്രസിഡന്റ് പെരുമ്പടം ശ്രീധരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ശ്രീധരന്‍ ചമ്പാട്, വേലായുധന്‍ പണിക്കശേരി, മേതില്‍ രാധാകൃഷ്ണന്‍, ഡോ. ജോര്‍ജ് ഇരുമ്പയം, ദേശമംഗലം രാമകൃഷ്ണന്‍, ചന്ദ്രകല എസ്. കമ്മത്ത് എന്നിവര്‍ക്ക് നല്‍കും. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിനു ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച അറുപത് വയസ് പിന്നിട്ട എഴുത്തുകാരെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്ന അക്കാദമി അവാര്‍ഡുകള്‍ 11 പേര്‍ക്ക് നല്‍കും. പി.എന്‍. ഗോപീകൃഷ്ണന്‍ (കവിത-ഇടിക്കാലൂരി പനമ്പട്ടടി), ടി.പി. രാജീവന്‍ (നോവല്‍-കെ.ടി.എന്‍.കോട്ടൂര്‍ എഴുത്തും ജീവിതവും), വി.കെ. പ്രഭാകരന്‍ (നാടകം-ഏറ്റേറ്റ് മലയാളന്‍),വി.ആര്‍. സുധീഷ് (ചെറുകഥ-ഭവനഭേദനം), ഡോ. എം. ഗംഗാധരന്‍ (സാഹിത്യവിമര്‍ശനം-ഉണര്‍വിന്റെ ലഹരിയിലേക്ക്), ഡോ. എ. അച്യുതന്‍ (വൈജ്ഞാനിക സാഹിത്യം-പരിസ്ഥിതിപഠനത്തിന് ഒരാമുഖം), സി.വി. ബാലകൃഷ്ണന്‍ (ജീവചരിത്രം/ആത്മകഥ-പരല്‍മീന്‍ നീന്തുന്ന പാടം), കെ.എ. ഫ്രാന്‍സിസ് (യാത്രാവിവരണം-പൊറ്റെക്കാട്ടും ശ്രീയാത്തൂണും ബാലിദ്വീപും), സുനില്‍ ഞാളിയത്ത് (വിവര്‍ത്തനം- ചോഖേര്‍ബാലി), ശ്രീപത്മനാഭ സ്വാമി സമ്മാനം (ബാലസാഹിത്യത്തിനുള്ള അക്കാദമി അവാര്‍ഡ്) എം.ശിവപ്രസാദ് (ആനത്തൂക്കം വെള്ളി), ടി.ജി. വിജയകുമാര്‍ (ഹാസസാഹിത്യം-മഴപെയ്തു തോരുമ്പോള്‍).
എന്‍ഡോവ്മെന്‍ഡ് അവാര്‍ഡുകള്‍
ഐ.സി.ചാക്കോ അവാര്‍ഡ് 5000 രൂപ-ബ്യാരിഭാഷാ നിഘണ്ടു (ഡോ. എ.എം. ശ്രീധരന്‍-ഭാഷാശാസ്ത്രം,വ്യാകരണം, ശാസ്ത്രപഠനം), സി.ബി. കുമാര്‍ അവാര്‍ഡ് 3000 രൂപ- ടി.ജെ.എസ്. ജോര്‍ജ് (ഒറ്റയാന്‍- ഉപന്യാസം), കെ.ആര്‍. നമ്പൂതിരി അവാര്‍ഡ് 2000- രൂപ പി.എന്‍. ദാസ് (ഒരുതുള്ളി വെളിച്ചം-വൈദികസാഹിത്യം), കനകശ്രീ അവാര്‍ഡ് 2000 രൂപ- സന്ധ്യ എന്‍.പി. (ശ്വസിക്കുന്ന ശബ്ദംമാത്രം-കവിത), ഗീതാ ഹിരണ്യന്‍ അവാര്‍ഡ് 5000 രൂപ- വി.എം. ദേവദാസ് (മരണസഹായി-ചെറുകഥാ സമാഹാരം), ജി.എന്‍. പിള്ള അവാര്‍ഡ് 3000 രൂപ- മനോജ് മാതിരപ്പള്ളി (കേരളത്തിലെ ആദിവാസികള്‍ കലയും സംസ്‌കാരവും -വൈജ്ഞാനിക സാഹിത്യം), കുറ്റിപ്പുഴ അവാര്‍ഡ് 2000 രൂപ- പി.പി. രവീന്ദ്രന്‍ (എതിരെഴുത്തുകള്‍: ഭാവുകത്വത്തിന്റെ ഭൂമിശാസ്ത്രം-നിരൂപണം-പഠനം)പെരുമ്പടവം ശ്രീധരന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്. അക്കാദമി വാര്‍ഷികാഘോഷ സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണനും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.