പാക് അധീന കശ്മീരില്‍ നിന്ന് കുടിയേറിയവര്‍ക്ക് 2,000 കോടിയുടെ പാക്കേജ്

09:47 am 1/12/2016
download (4)
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍നിന്ന് കുടിയേറിയവര്‍ക്കുള്ള പുനരധിവാസ പാക്കേജ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞവര്‍ഷം സംസ്ഥാനത്തിന് പ്രഖ്യാപിച്ച വികസന പാക്കേജില്‍നിന്നാണ് ഈ സഹായം.

പാക് അധീന കശ്മീരില്‍നിന്ന് 36,384 കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടുവെന്നാണ് ഒൗദ്യോഗിക കണക്ക്. ഇവര്‍ക്ക് ഒറ്റത്തവണ കേന്ദ്രസഹായമായി 2,000 കോടി രൂപയാണ് വകയിരുത്തുന്നത്. പാക്കേജ് പ്രകാരം അഞ്ചര ലക്ഷം രൂപ കുടുംബങ്ങള്‍ക്ക് ജീവനോപാധി ധനസഹായമായി നല്‍കും. സംസ്ഥാന സര്‍ക്കാറിന് കൈമാറുന്ന തുക അര്‍ഹരായ കുടുംബങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും.

വിഭജനത്തിനുശേഷം പാക് അധീന കശ്മീരില്‍നിന്ന് ജമ്മു-കശ്മീരിലേക്ക് കുടിയേറിയവരാണ് ഈ കുടുംബങ്ങള്‍. 1965, 1971 വര്‍ഷങ്ങളിലെ ഇന്ത്യ-പാക് യുദ്ധകാലത്ത് ജമ്മു-കശ്മീരിലെ ഛാംബ്, നിയാബത് മേലഖയില്‍നിന്ന് പലായനം നടന്നിട്ടുണ്ട്.

അസം, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഏതാനും വിഭാഗങ്ങളെ കേന്ദ്ര ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. ടൂറിസം, വൈദ്യസഹായ, ബിസിനസ് ആവശ്യങ്ങള്‍ക്ക് വിദേശികള്‍ക്ക് ഇന്ത്യയില്‍ വരുന്നതിന് വിസ ചട്ടങ്ങള്‍ ലളിതമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.