04.02 PM 03/12/2016
തിരുവനന്തപുരം: മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയ മകനെ അമ്മ കറിക്കത്തിക്ക് വെട്ടിപ്പരിക്കേൽപ്പിച്ചു. മെഡിക്കൽ കോളേജ് ഐത്തിക്കോണം കുഞ്ചുവീട് ലെയ്നിൽ ആഷിഷ് ഭവനിൽ രവീന്ദ്രന്റെ മകൻ അനിൽ.കെ.രവീന്ദ്രനെയാണ് (21) അമ്മ വെട്ടിയത്. കാലിൽ പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്്.
കൂലിപ്പണിക്കാരനായ അനിൽ മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്നത് പതിവാണ്. മദ്യലഹരിയിൽ വീട്ടുകാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കാറുള്ളതായി പരാതി ലഭിച്ചിരുന്നുവെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു. പതിവുപോലെ മദ്യലഹരിയിലെത്തിയ അനിൽ ബഹളമുണ്ടാക്കാൻ തുടങ്ങിയതോടെ സഹികെട്ടാണ് മാതാവ് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയെടുത്ത് കാലിൽ വെട്ടിപ്പരിക്കേൽപ്പിച്ചത്. അനിലിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.