04:13 pm 4/12/2016

അമൃതസർ: തീവ്രവാദത്തിന് മാത്രമല്ല, തീവ്രവാദത്തിന് വേണ്ടി പണമൊഴുക്കുന്നവർക്കും എതിരെയുള്ള പോരാട്ടത്തിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹാർട്ട് ഒാഫ് ഏഷ്യ സമ്മേളനത്തിൽ മന്ത്രിതല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്താനെയും അവിടുത്തെ ജനങ്ങളേയും പുറത്തുനിന്നുള്ള ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിലും അഫ്ഗാനിസ്താന്റെ വികസനത്തിലും ഇന്ത്യ കൂടുതൽ ശ്രദ്ധ പുലർത്തുമെന്ന് മോദി അറിയിച്ചു.
അഫ്ഗാനിസ്താനിൽ രാഷ്ട്രീയ സുസ്ഥിരതയും സമാധാനവും ഉറപ്പിക്കാൻ അന്തരാഷ്ട്ര സമൂഹത്തിെൻറ ബാധ്യത ശക്തിപ്പെടുത്തുന്നതാണ് ഇൗ സമ്മേളനം. തീവ്രവാദത്തിനും രക്തച്ചൊരിച്ചിലിനുമെതിരെ ഒരുമിച്ചു നിന്ന് പ്രതിരോധിക്കണം. അഫ്ഗാനിസതാനിലെ ഭീകരവാദത്തിനെതിരെ നിശബ്ദതയും നിഷ്ക്രിയത്വവും പാലിക്കുന്നത് ഭീകരരെയും അവരുടെ നേതാക്കളെയും കൂടുതൽ ശക്തിപ്പെടുത്തും. അഫ്ഗാനിസ്താനുമായും മേഖലയിലെ മറ്റു രാഷ്ട്രങ്ങളുമായും ശക്തമായ ബന്ധം വളർത്തിയെടുക്കാൻ എല്ലാവരും പ്രവർത്തിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
അഫ്ഗാനിലെ സഹോദരി സഹോദരന്‍മാരോട് ഇന്ത്യക്കുള്ളത് നിരുപാധികവും അചഞ്ചലവുമായ ഉത്തരവാദിത്തമാണ്. അഫ്ഗാന്റെ സമാധാനത്തിനും സ്ഥിരതക്കും ഭീകരവാദം ഭീഷണിയാണ്. ഭീകരവാദത്തിനെതിരെ മാത്രമല്ല അതിനെ സഹായിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകണം. അഫ്ഗാനിസ്താെൻറ വികസനത്തിനായുള്ള സഹായം വര്‍ധിപ്പിക്കും. അഫ്ഗാനുമായി വ്യോമ ഇടനാഴി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
