ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

10:55 AM 5/12/2016

download (1)

ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജെ. ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഹൃദ്രോഗ ഡോക്ടര്‍മാരടക്കം വിദഗ്ധ സംഘം ജയയെ നിരീക്ഷിക്കുകയാണ്.

അതേസമയം, ഞരമ്പുകളിലെ തടസം പരിഹരിക്കുന്നതിന് ജയയെ രാവിലെ ശസ്ത്രക്രിയക്ക് വിധേയമാക്കി. കൂടാതെ, കൃത്രിമ ഉപകരണത്തിന്‍റെ സഹായത്തിലാണ് ജയയുടെ ഹൃദയവും ശ്വാസകോശവും പ്രവർത്തിക്കുന്നത്.

ഡൽഹി എയിംസിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘം വൈകാതെ ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തും. കൂടാതെ, ജയയെ ചികിത്സിച്ചിരുന്ന ലണ്ടനിലെ ഡോക്ടറുടെ സേവനവും തേടിയിട്ടുണ്ട്.

ചെന്നൈ അപ്പോളോ ആശുപത്രിയിലെ പ്രൈവറ്റ് വാര്‍ഡില്‍ കഴിയുകയായിരുന്ന ജയലളിതക്ക് ഞായറാഴ്ച വൈകീട്ടോയോടെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്തുവെന്ന് ഞായറാഴ്ച വൈകീട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചത്.

ആശുപത്രി അധികൃതർ ഇറക്കിയ വാർത്താ കുറിപ്പ്​

തമിഴ്നാടിന്‍െറ കൂടി ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു സംഭവമറിഞ്ഞ് മുംബൈയില്‍ നിന്ന് ചെന്നൈയിലെത്തി ജയലളിതയെ സന്ദർശിച്ചിരുന്നു. പൊലീസ് ആസ്ഥാനത്ത് അടിയന്തര യോഗം ചേരുകയും വിവിധ മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ ഏറെനാള്‍ ഐ.സി.യുവിലായിരുന്നു. നവംബര്‍ 19ന് ആരോഗ്യം വീണ്ടെടുത്തതോടെ അവരെ ഐ.സി.യുവില്‍നിന്ന് ആശുപത്രിയിലെ പ്രൈവറ്റ് വാര്‍ഡിലേക്ക് മാറ്റി. ഞായറാഴ്ച അപ്പോളോ ആശുപത്രിയിലെത്തിയ ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ജയലളിത ആരോഗ്യം വീണ്ടെടുത്തതായി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.