11:02 AM 05/12/2016

തിരുവനന്തപുരം: നോട്ട് നിരോധനം വഴിയുള്ള സാമ്പത്തികപ്രതിസന്ധിക്കിടെ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്‍െറ മകന്‍െറ ആഡംബര വിവാഹവേദിയില്‍ രാഷ്ട്രീയ പ്രമുഖരുടെ അസാന്നിധ്യം. കോണ്‍ഗ്രസില്‍നിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് എന്നിവരൊന്നും വിവാഹവേദിയിലത്തെിയില്ല.
ബാര്‍ കോഴ ആരോപണങ്ങളിലൂടെ കെ.എം. മാണിയെയും കോണ്‍ഗ്രസിനെയും പ്രതിക്കൂട്ടിലാക്കിയ ബിജു രമേശിന്‍െറ മകള്‍ മേഘ ബി. രമേശിനെയാണ് അടൂര്‍ പ്രകാശിന്‍െറ മകന് അജയ്കൃഷ്ണന് ജീവിതപങ്കാളിയാക്കിയത്. വിവാദംഭയന്നാണ് മിക്ക കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍നിന്ന് വിട്ടുനിന്നത്. പലരും വിവാഹത്തിന്‍െറ തലേദിവസം അടൂര്‍ പ്രകാശിന്‍െറ വീട്ടിലത്തെി ആശംസകള്‍ അറിയിച്ചു.
തിരുവനന്തപുരം വെണ്‍പാലവട്ടത്ത് ബിജു രമേശിന്‍െറ ഉടമസ്ഥതയിലുള്ള ഏഴേക്കര്‍ വരുന്ന രാജധാനി ഗാര്‍ഡന്‍സില്‍ മൈസൂര്‍ കൊട്ടാര മാതൃകയില്‍ ഒരുക്കിയ പന്തലും അക്ഷര്‍ധാം ക്ഷേത്രമാതൃകയില്‍ ഒരുക്കിയ കതിര്‍മണ്ഡപവും നേരത്തെതന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ മുന്‍മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായുള്ള കോണ്‍ഗ്രസ് നേതാവിന്‍െറ മകന് കോടികള്‍ പൊടിച്ചുള്ള വിവാഹം നടത്തുന്നത് വിമര്‍ശവിധേയമായിരുന്നു.
നേരത്തെ വിവാഹ നിശ്ചയചടങ്ങ് കോണ്‍ഗ്രസില്‍ വിവാദത്തിനിടയാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചടങ്ങില്‍ പങ്കെടുത്തതിനെ വി.എം. സുധീരന് വിമര്‍ശിച്ചിരുന്നു. രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ജെ. മേഴ്സിക്കുട്ടിയമ്മ, വയലാര്‍ രവി, ആന്‍േറാ ആന്റണി എം.പി, സി. ദിവാകരന് എം.എല്‍.എ, എന്‍. ശക്തന്, വക്കം പുരുഷോത്തമന്, എം. വിജയകുമാര്‍, എം.എം ജേക്കബ്, ആര്യാടന് മുഹമ്മദ്, തമിഴ്നാട് മന്ത്രി എസ്.പി. വേലുമണി, യു.എ.ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍സാബി, അഡീഷനല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസ്, ജേക്കബ് പുന്നൂസ്, സിനിമാതാരങ്ങളായ ചിപ്പി, സോനാ നായര്‍ എന്നിവര്‍ വിവാഹത്തിനത്തെി. 40,000 പേര്‍ക്കാണ് ഭക്ഷണമൊരുക്കിയത്. 300 തൊഴിലാളികള്‍ ഒന്നരമാസത്തോളം ജോലിചെയ്താണ് വിവാഹവേദി നിര്‍മിച്ചത്.
വൈകീട്ട് ആറിനായിരുന്നു വിവാഹമുഹൂര്ത്തമെങ്കിലും ഉച്ചയോടെ തന്നെ അതിഥികളത്തെി. സംഗീത, നൃത്തപരിപാടികളും ഒരുക്കിയിരുന്നു. ഭക്ഷണശാലയില്‍ ഒരേസമയം ആറായിരംപേര്‍ക്ക് സൗകര്യമൊരുക്കിയിരുന്നു. രാത്രി വൈകുംവരെ വിരുന്നുതുടര്ന്നു.
