കനത്ത മഴയെയും കൊടുങ്കാറ്റിനെയും തുടര്‍ന്ന് ആന്‍ഡമാനില്‍ 800 ടൂറിസ്റ്റുകള്‍ കുടുങ്ങി

11:33 am 07/12/2016
portblair
പോര്‍ട്ട്‌ബ്ലെയര്‍: കൊടുങ്കാറ്റും കനത്ത മഴയെയും തുടര്‍ന്ന് ആന്‍ഡമാനില്‍ 800 വിദേശ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ആന്‍ഡമാനിലെ ഹാവ് ലോക് ഐലന്‍ഡിലാണ് വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നത്. ഇവരെ ഐലന്‍ഡില്‍ നിന്ന് കടത്തുബോട്ടുകളില്‍ പോര്‍ട്ട്‌ബ്ലെയറില്‍ എത്തിക്കാനുള്ള നടപടികള്‍ ആന്‍ഡമാന്‍ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആന്‍ഡമാന്‍ ഭരണകൂടം നാവികസേനയുടെ സഹായം തേടി. അറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ നാവികസേനയുടെ ഐ.എന്‍.എസ് ബിത്ര, ഐ.എന്‍.എസ് ബംഗാരം, ഐ.എന്‍.എസ് കുംബിര്‍ യുദ്ധക്കപ്പലുകള്‍ പോര്‍ട്ട്‌ബ്ലെയറിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ പോര്‍ട്ട്‌ബ്ലെയറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ബീച്ച് ടൂറിസം കേന്ദ്രമാണ് ഹാവ് ലോക് ദ്വീപുകള്‍.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വരുന്ന രണ്ട് ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ചൊവ്വാഴ്ച ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണിത്. 48 മണിക്കൂറിനുള്ളില്‍ കൊടുങ്കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.