10:46 am 13/12/2016
– സെബാസ്റ്റ്യന്‍ ആന്റണി

ടൊറന്റോ: “തിയോളജി ഓഫ് ദി ബോഡി’ പഠനങ്ങള്‍ ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമാണെന്നു കാനഡയിലെ സിറോ മലബാര്‍ അപ്പോസ്തലിക് എക്സര്കേറ്റ് ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍. ടൊറന്റോയിലെ മൈക്കിള്‍ പവര്‍ സെയിന്റ് ജോസഫ് ഹൈസ്കൂളില്‍ വച്ചു അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും മുതിര്‍ന്ന യുവാക്കള്‍ക്കും വേണ്ടി തയ്യാറാക്കിയ രണ്ടു ദിവസത്തെ “തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ്’ സെമിനാറിന്റെ ഉത്ഘാടന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളര്‍ന്നുവരുന്ന തലമുറ ശരീരത്തിനും ലൈംഗീകതക്കും വിശ്വാസത്തിനുമെതിരായ ഒരായിരം ചോദ്യങ്ങളില്‍ തപ്പിത്തടയുമ്പോള്‍ അവരെ നേര്‍വഴിക്ക് നയിക്കുവാന്‍ ഈ സെമിനാര്‍ നമുക്കു സഹായകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശരീരത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും കറതീര്‍ന്ന ബോധ്യം കുട്ടികള്‍ക്ക് എങ്ങനെ കൊടുക്കാനാകും, ധാര്‍മികമായ വെല്ലുവിളികള്‍ ഉയരുമ്പോള്‍ വളര്‍ന്നുവരുന്ന തലമുറയെ എങ്ങനെ സഹായിക്കും, പ്രതികൂലമായ സാമൂഹ്യാവസ്ഥകളില്‍ കുഞ്ഞുങ്ങളില്‍ ആഴമായ ക്രൈസ്തവബോധ്യം വളര്‍ത്തിയെടുക്കാന്‍ എങ്ങനെ സാധിക്കും എന്നുള്ള ചര്‍ച്ചകളും പഠനങ്ങളും പ്രയോഗിക നിര്‍ദ്ദേശങ്ങളും ഉള്‍കൊള്ളുന്നു രണ്ടു ദിവസത്തെ സെമിനാര്‍ ബാബു ജോണ്‍ നയിച്ചു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ മുന്നോട്ടുവച്ച “തിയോളജി ഓഫ് ദി ബോഡി’ (ശരീരത്തിന്റെ ദൈവശാസ്ത്രം) ശരീരത്തിന്റെയും ആത്മാവിന്റെയും സൃഷ്ടിപരമായ ഒരു ഉള്‍കാഴ്ചയാണ്. ശരീരത്തിന്റെ രഹസ്യത്തെ മനസിലാക്കുന്ന വിശുദ്ധഗ്രന്ഥാധിഷ്ഠിത പഠനങ്ങളിലേക്കുള്ള യാത്രയാണിത്. തികച്ചും വ്യത്യസ്തമായ ഒരു “ലെന്‍സി’ലൂടെ സമകാലീന ജീവിതത്തെയും വിശ്വാസത്തെയും ബന്ധങ്ങളെയും ലോകത്തെയും നോക്കിക്കാണാനുള്ള ശ്രമമാണിത്. ‘തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ്’ മിനിസ്ട്രിയിലുടെ ലോകമെമ്പാടും ഈ മഹത്തായ സന്ദേശം എത്തിക്കുവാന്‍ ബാബു ജോണ്‍ ചെയ്യുന്നത് എല്ലാര്ക്കും പ്രചോദനമാകട്ടെ എന്നു അദ്ദേഹം ആശംസിച്ചു
ജീവിതത്തിന്റേയും ലൈംഗികതയുടെയും ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും യഥാര്‍ത്ഥ അര്‍ത്ഥവും ലക്ഷ്യവും നാം മനസിലാക്കാനും വരും തലമുറയ്ക്ക് ക്രൈസ്തവ മൂല്യങ്ങള്‍ കൈമാറാനുമുളള നമ്മുടെ പരിശ്രമത്തില്‍ നമ്മെ സഹായിക്കുവാന്‍ ബാബു ജോണിന്റെ നേതൃത്വത്തിലുള്ള ‘തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ്’ മിനിസ്ട്രി പരിശുദ്ധാത്മാവിന്റെ ശക്തമായ ഉപകരണം ആണെന്നു സെമിനാറിന്റെ സമാപന ചടങ്ങില്‍ കത്തീഡ്രല്‍ ഇടവക വികാരി റവ. ഫാ. സെബാസ്റ്റ്യന്‍ അരികാട്ട് പറഞ്ഞു.
സെമിനാറില്‍ പങ്കെടുത്തവര്‍ക്കെല്ലാം പുത്തന്‍ ബോധ്യങ്ങളും പ്രതീക്ഷകളും പകരുന്നതായിരുന്നു. ഇത്തരത്തിലുള്ള സെമിനാറുകളും ധ്യാനങ്ങളും കാനഡയിലെ മറ്റു സീറോ മലബാര്‍ ഇടവകകളിലും മിഷനുകളിലും തുടര്‍ച്ചയായി നടത്തുവാന്‍ അരികാട്ടു അച്ചന്റെ ആത്മീയ നേതൃത്വത്തില്‍ ഒരു ടീമിനു രൂപം കൊടുത്തു.
TOB FOR LIFE സെമിനാറുകള്‍/ധ്യാനങ്ങളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക്: www.tobforlife.org, email: info@tobforlife.org
