കൊച്ചി ബിനാലെക്ക് സ്ഥിരം വേദി പരിഗണനയില്‍– മുഖ്യമന്ത്രി

10:56 AM 13/12/2016
download (3)
കൊച്ചി: കൊച്ചി മുസ്രിസ് ബിനാലേക്ക് ഫോര്‍ട്ട്കൊച്ചിയില്‍ സ്ഥിരം വേദി സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തര്‍ദേശീയ തലത്തില്‍ ഏറെ വിജയകരമായി മുന്നേറുന്ന വെനീസ് ബിനാലെക്ക് സമാനമായ രീതിയില്‍ സ്ഥിരം വേദിയുണ്ടാക്കുന്നതിന് പദ്ധതി തയാറാക്കും. കൊച്ചി ബിനാലെ മൂന്നാം പതിപ്പിന്‍െറ ഉദ്ഘാടനം ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിന് പുറമെ 16 ഭാഷകള്‍ അറിയാവുന്ന മുപ്പതില്‍പരം വ്യത്യസ്ത സമൂഹങ്ങള്‍ സാഹോദര്യത്തോടെ വസിക്കുന്ന കൊച്ചി ബിനാലെയുടെ വേദിയാകുന്നതുതന്നെയാണ് ഏറ്റവും അനുയോജ്യം. അനേകം ചരിത്രാധ്യായങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മണ്ണാണിത്. ഇന്ത്യയിലെ എല്ലാ ഭാഗത്തുനിന്നുള്ള സംസ്കാരങ്ങളും ഒത്തുകൂടിയ സ്ഥലമാണിത്.
2010ല്‍ മേള തുടങ്ങിയപ്പോള്‍ ചെറിയ തുക അന്നത്തെ ഇടത് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇത്തവണ ബജറ്റില്‍ വകകൊള്ളിച്ചത് ഏഴരക്കോടി രൂപയാണ്. ഇത്തരമൊരു കലാ സാംസ്കാരിക മേളക്ക് ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സഹായമാണിത്. കലയും സംസ്കാരവും ബിനാലെ എന്ന ഈ കവാടത്തിലൂടെ നിര്‍ബാധം ഇരുവശത്തേക്കും പ്രവഹിക്കും. കേരളത്തിന്‍െറ കലാ സാംസ്കാരിക തനിമ ലോകത്തിനു മുന്നിലത്തെുന്നതും ഈ കവാടത്തിലൂടെതന്നെ. ലോകത്തിന്‍െറ സാംസ്കാരിക വൈവിധ്യം ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്ന ഈ മഹാസംരംഭം ടൂറിസത്തിനും ഊര്‍ജം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കലാമേഖലയുടെ ശ്രദ്ധാകേന്ദ്രമാവുകയാണ് ബിനാലെയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രഫ. കെ.വി. തോമസ് എം.പി, മേയര്‍ സൗമിനി ജയിന്‍, എം.എല്‍.എമാരായ കെ.ജെ. മാക്സി, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ മന്ത്രി എം.എ. ബേബി, അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ജില്ല കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല, മുന്‍ എം.പി പി. രാജീവ്, ബിനാലെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി, കൊച്ചി മുസ്രിസ് ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികളായ റിയാസ് കോമു, ബോസ് കൃഷ്ണമാചാരി, ട്രസ്റ്റികളായ എം.എ. യൂസഫലി, ഹോര്‍മിസ് തരകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.