09:53 am 14/12/2016

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ വേദികളില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കണമെന്ന സുപ്രീംകോടതിവിധി പാലിക്കാത്തപക്ഷം പൊലീസ് ഇടപെടലുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ദേശീയഗാനത്തെ ആദരിക്കണമെന്നാണ് ഭരണഘടന പറയുന്നത്. എഴുന്നേറ്റുനിന്നില്ളെങ്കില്‍ എന്തുചെയ്യണമെന്ന് വ്യക്തമാക്കുന്നില്ല. എന്നാലിപ്പോള്‍, എഴുന്നേറ്റുനിന്ന് ആദരിക്കണമെന്ന് സുപ്രീംകോടതിവിധി വന്ന പശ്ചാത്തലത്തില്‍ അത് നടപ്പാക്കാന്‍ പൊലീസ് ബാധ്യസ്ഥരാണ്. ഇല്ലാത്തപക്ഷം കോടതി അലക്ഷ്യമാകും. എഴുന്നേല്‍ക്കാത്തവരെ പിടികൂടാന്‍ പ്രത്യേക ഡ്രൈവോ, തിയറ്ററില്‍ പൊലീസിനെ നിയോഗിക്കുകയോ ഇല്ല. സാംസ്കാരിക വേദിയില്‍ പൊലീസ് ഇടപെടുന്നത് ശരിയല്ല. തിയറ്ററിന് പുറത്ത് പൊലീസ് ഉണ്ടാകും. കോടതിവിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ഷോകളും ആരംഭിക്കുംമുമ്പ് എഴുന്നേറ്റുനില്‍ക്കാന്‍ നിര്‍ദേശിക്കുമെന്ന് കമല്‍ ഉറപ്പുതന്നിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞദിവസം ചിലര്‍ ദേശീയഗാനാലാപന സമയത്ത് എഴുന്നേല്‍ക്കാത്തത് അബദ്ധവശാലാണെന്നാണ് കരുതുന്നത്. തിയറ്ററില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാനും എഴുന്നേല്‍ക്കാത്തവരുടെ ജീവന്‍ രക്ഷിക്കാനുമാണ് പൊലീസ് അവരെ നീക്കംചെയ്തതെന്നും ബെഹ്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
