01:11 PM 14/12/2016
ന്യൂഡൽഹി: ബാറുകളിൽ നിന്ന് ബിയറും വൈനും പാക്ക് ചെയ്ത് നൽകേണ്ടെന്ന് സുപ്രീംകോടതി. ബാറുകളിൽ നിന്ന് ബിയർ പൊതിഞ്ഞുകൊണ്ടുപോകാൻ ഉപഭോക്താക്കളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് എലഗന്‍റ് ബാർ ഉടമ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ബിവറേജസ് ഔട്ട് ലെറ്റുകളിൽ തിരക്കായതിനാൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ഇതിനാൽ പാക്ക് ചെയ്ത് കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമക്ക് വേണ്ടി കപിൽ സിബലാണ് കോടതിയിൽ ഹാജരായത്. എന്നാൽ ബാറുടമയുടെ വാദം തള്ളിക്കൊണ്ട് ഔട്ട് ലെറ്റുകളിൽ പോയി ബിയർ വാങ്ങിയാൽ മതിയെന്ന് കോടതി അഭിപ്രായപ്പെട്ടു.
ബിയര്‍ പാര്‍ലറുകള്‍ക്ക് നല്‍കുന്ന ലെസന്‍സില്‍ പാഴ്സല്‍ നല്‍കാനുള്ള അനുമതി ഇല്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. ബാറുകളില്‍നിന്നും ബിയര്‍-വൈന്‍ പാര്‍ലറുകളില്‍നിന്നും പാഴ്സല്‍ നല്‍കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ മാസം ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതുസംബന്ധിച്ച് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു.