കെ.എച്ച്,എന്‍.എയുടെ പ്രഥമ ആര്‍ഷദര്‍ശന പുരസ്ക്കാരം മഹാകവി അക്കിത്തത്തിന്

08:31 pm 15/12/2016
Newsimg1_24421215
തൃശ്ശൂര്‍: സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തുന്ന പ്രഥമ ആര്‍ഷദര്‍ശന പുരസ്ക്കാരം മഹാകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിക്ക് നല്‍കും. വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം തന്റെ രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നല്‍കി ആദരിക്കുന്നതാണ് ആര്‍ഷധര്‍മ്മ പുരസ്ക്കാരം.

പ്രമുഖ സാഹിത്യകാരന്മാരായ സി. രാധാകൃഷ്ണന്‍ (അധ്യക്ഷന്‍), ആഷാ മേനോന്‍, പി നാരായണക്കുറുപ്പ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ജനുവരി ഏഴിന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന സാഹിത്യസമ്മേളനത്തില്‍ പുരസ്ക്കാരം സമര്‍പ്പിക്കും.
മലയാള സാഹിത്യരംഗത്ത് രാമാനുജനെഴുത്തച്ഛന്റെ സര്‍ഗ്ഗ പാരമ്പര്യം നിലനിര്‍ത്തിപ്പോന്ന മഹാകവികളെ പ്രതിധാനം ചെയ്ത്, അവരുടെ ദീപ്തമായ സ്മരണ ഇന്നും കേരളമനസ്സില്‍ ഉണര്‍ത്തുന്ന ആധുനികകവികളുടെ ശ്രേണിയില്‍ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠ നേടിയിരിക്കുന്നത് മഹാകവി അക്കിത്തമാണെന്ന് പുരസ്ക്കാരസമിതി വിലയിരുത്തിയതായി സി രാധാകൃഷ്ണ്‍ അറിയിച്ചു.
ഭാരതീയ കാവ്യസംസ്കൃതിയുടെ അഗ്‌നി അക്കിത്തം വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിക്കുന്നു. മഹാകവിത്രയത്തെ തുടര്‍ന്ന് ഇടശ്ശേരിയിലൂടെയും വൈലോപ്പിള്ളിയിലൂടെയും ഒഴുകിവന്ന കവിതാപ്രവാഹത്തിന്റെ ഇന്നത്തെ പ്രതിനിധി എന്ന നിലയില്‍ അക്കിത്തം നാളെയുടെ വഴികാട്ടിയാണ്.
ശ്രീമല്‍മഹാഭാഗവതത്തിന്റെ വൃത്താനുവൃത്ത പദാനുപദപരിഭാഷയിലൂടെ നേരിട്ടും സ്വകാവ്യങ്ങളുടെ അന്തര്‍ധാരയായും ഭാരതീയദര്‍ശനത്തിന്റെ പരിമളം പ്രസരിപ്പിക്കുന്നതിന് അക്കിത്തം തന്റെ ഇത:പര്യന്തമുള്ള സാര്‍ത്ഥകജീവിതത്തില്‍ അവിശ്രമം അനുസ്യുതം പരിശ്രമിച്ചുപോരുന്നതായും സി രാധാകൃഷ്ണന്‍ പറഞ്ഞു.

കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക പ്രതിനിധികളായ കെ രാധാകൃഷ്ണന്‍ നായര്‍, സനല്‍ ഗോപി, പി ശ്രീകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.