റഷ്യൻ വിമാനം സൈബീരിയയിൽ തകർന്നു വീണു

02:12 PM 19/12/2016
download (1)
തിക്സ് (സൈബീരിയ): റഷ്യൻ സൈനിക വിമാനം സൈബീരിയയിൽ തകർന്നു വീണു. പ്രതിരോധസേനയുടെ ഐ.എൽ-18 വിമാനമാണ് സൈബീരിയയിലെ യെകുതിയയിൽ തകർന്നുവീണത്. അപകടത്തിൽ 16 പേർക്ക് ഗുരുതര പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയത്തിന്‍റെ റിപ്പോർട്ടുണ്ട്. ഏഴ് ജീവനക്കാർ ഉൾപ്പെടെ 39 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

കാൻസ്കിൽ നിന്ന് പുറപ്പെട്ട വിമാനം കിഴക്കൻ റഷ്യയിലെ ബുലുൻ ജില്ലയിലെ തിക്സിലെത്താൻ 30 കിലോമീറ്റർ മാത്രം ദൂരമുള്ളപ്പോഴാണ് തകർന്നു വീണത്. അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം മൂന്നു കക്ഷണങ്ങളായി വേർപ്പെടുകയായിരുന്നു.

അപകടം നടന്ന ഉടൻതന്നെ റഷ്യൻ എമർജൻസി മന്ത്രാലയത്തിന്‍റെ മൂന്ന് എം.ഐ-8 ഹെലികോപ്റ്ററിന്‍റെ സഹായത്തിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കി. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.