തൃശൂർ: അഞ്ചേരി ബേബി വധകേസിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയുടെ വിടുതൽ ഹരജി കോടതി തള്ളിയ സാഹചര്യത്തിൽ മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മണി നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും എം.എൽ.എ ആയപ്പോഴും മന്ത്രി ആയപ്പോഴും ഈ കേസ് നിലവിലുണ്ടായിരുന്നു. ഇതിൽ പുതുതായി ഒന്നുമില്ല. അത് കൊണ്ട് തന്നെ രാജി ആവശ്യത്തിന് നിയമപരമായ സാംഗ്യതം ഇല്ല. മണിക്ക് മന്ത്രി സ്ഥാനത്ത് തുടരുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നിയമവിദഗ്ദരുമായി ആലോചിച്ച ശേഷം മണിയുടെ നിരപരാധിത്വം തെളിയിക്കുന്നതിനാവശ്യമായ കാര്യങ്ങൾ പാർട്ടി ചെയ്യും. യു.ഡി.എഫ് സർക്കാറിൻെറ കാലത്ത് നിയമിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടറാണ് ഈ കേസിൽ വാദിച്ചത്. അദ്ദേഹം കോൺഗ്രസിൻെറ മണ്ഡലം പ്രസിഡൻറ് കൂടിയാണ്. അദ്ദേഹം ഈ കേസിൽ എങ്ങനെ പ്രവർത്തിച്ചു എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.