04:20 pm 27/12/2016

തിരുവനന്തപുരം: കോൺഗ്രസിനെതിരായി കെ.മുരളീധരന്റെ പ്രസ്താവനയെ പോസിറ്റീവായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുരളീധരൻ തന്റെ അടുത്ത സുഹൃത്താണ്. മുൻ കെ.പി.സി.സി പ്രസിഡന്റും മുതിർന്ന നേതാവ് കൂടിയാണ്. യു.ഡി.എഫിനെ കൂടുതൽ ശക്തിപ്പെടുത്തണമെന്നാണ് മുരളീധരൻ പറഞ്ഞതിന്റെ അർഥമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതിപക്ഷം കൂടുതല്‍ സജീവ സമരങ്ങളുമായി വരണമെന്ന ആത്മവിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. അദ്ദേത്തിന്റെ വികാരത്തെ ഞങ്ങള്‍ മാനിക്കുന്നു. അല്ലാതെ അതിന് മറിച്ചുള്ള നിറം നല്‍കുന്നത് ശരിയല്ല. സുധീരനും ഉമ്മൻചാണ്ടിയും താനും മൂന്നു വഴിക്കല്ല പോകുന്നത്. ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട് അത്രയേ ഉള്ളൂ. ലീഗിന്റെ അഭിപ്രായവും യു.ഡി.എഫിനെ ശക്തിപ്പെടുത്തണമെന്നതാണ്. അതിനെയും പോസിറ്റീവായി തന്നെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ പ്രവർത്തനരീതി എൽ.ഡി.എഫിൽ നിന്നു വ്യത്യസ്തമാണ്. കേന്ദ്ര–സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭം വേണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്. അത് സ്വാഗതം ചെയ്യുന്നുവെന്നും എ.കെ ആന്റണിയുടെ ഉപദേശത്തെ ഉൾക്കൊള്ളുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.
