സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗതാലയെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഓണററി ലൈഫ്ടൈം പ്രസിഡന്‍റുമാരായി തെരഞ്ഞെടുത്തു.

05:28 am 28/12/2016
images (2)
ചെന്നൈ: കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍പെട്ട വിവാദ നായകന്മാരായ സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗതാലയെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) ഓണററി ലൈഫ്ടൈം (ആജീവനാന്ത) പ്രസിഡന്‍റുമാരായി തെരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന ഐ.ഒ.എ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇരുവരെയും ആജീവനാന്ത പ്രസിഡന്‍റുമാരായി തെരഞ്ഞെടുത്തത്.
ചെന്നൈ താജ് കൊറോമാന്‍ഡല്‍ ഹോട്ടലില്‍ ഐ.ഒ.എ പ്രസിഡന്‍റ് എന്‍. രാമചന്ദ്രന്‍െറ അധ്യക്ഷതയിലാണ് യോഗം നടന്നത്. 2017ലെ ദേശീയ ഗെയിംസ് ഗോവയില്‍ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. കായിക സംഘടനകളില്‍ തര്‍ക്കങ്ങള്‍മൂലം സമയവും പണനഷ്ടവും സംഭവിക്കുന്നത് ഒഴിവാക്കാന്‍ ഐ.ഒ.എ മുന്‍കൈയെടുക്കും.
ബോക്സിങ്, ബാസ്കറ്റ്ബാള്‍, ജിംനാസ്റ്റിക്, വോളിബാള്‍ ഫെഡറേഷനുകളിലെ തര്‍ക്കങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കായിക തര്‍ക്കപരിഹാരത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. വൈസ് പ്രസിഡന്‍റ് വീരേന്ദ്ര നാനാവതി, സെക്രട്ടറി ജനറല്‍ രാജീവ് മത്തേ, ട്രഷറര്‍ അനില്‍ ഖന്ന എന്നിവരടങ്ങിയ സമിതി മൂന്നു മാസത്തിനുള്ളില്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവരുമായി പ്രശ്നപരിഹാര സാധ്യതകള്‍ ആരായും.
റിയോ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ പി.വി. സിന്ധുവിന് 30 ലക്ഷം രൂപയും കോച്ച് ഗോപീചന്ദിന് 15 ലക്ഷവും സാക്ഷി മാലിക്കിന് 20 ലക്ഷവും സമ്മാനത്തുക കൈമാറി.
2017 നവംബറിലെ ദേശീയ ഗെയിംസിന് വേദിയാകുന്ന ഗോവയില്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക യോഗങ്ങള്‍ ചേരും. പ്രതിമാസ പുരോഗതികള്‍ ഐ.ഒ.എ വിലയിരുത്തി വരുന്നതായി പ്രസിഡന്‍റ് രാമചന്ദ്രന്‍ അറിയിച്ചു.
1996 മുതല്‍ 2011 വരെ ദീര്‍ഘകാലം ഐ.ഒ.എ പ്രസിഡന്‍റായിരുന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ സുരേഷ് കല്‍മാഡി 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ പേരില്‍ 10 മാസത്തോളം ജയില്‍വാസവും അനുഭവിച്ചിരുന്നു.
അതേസമയം, അഴിമതി ആരോപണവിധേയനായ കല്‍മാഡിയുടെ നിയമനം പരിശോധിക്കുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി.