12:18 pm 28/12/2016

ഡൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെയുള്ള വിമർശനങ്ങളുടെ മുന കൂർപ്പിച്ച് വീണ്ടും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെ പാടെ താളം തെറ്റിച്ച പരിഷ്ക്കാരം എന്നും ഒരു ശതമാനത്തോളം വരുന്ന ധനികർക്ക് മാത്രമാണ് ഇതിന്‍റെ ഗുണമുണ്ടായതെന്നും രാഹുൽ വിമർശിച്ചു. കോൺഗ്രസിന്‍റെ സ്ഥാപക ദിനത്തിൽ മാധ്യ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോൺഗ്രസ് ഉപാധ്യക്ഷൻ.
നവംബർ 8ന് ശേഷം എത്ര കള്ളപ്പണം പിടിച്ചെടുത്തു, എത്രമാത്രം രാജ്യം സാമ്പത്തികമായി അരക്ഷിതമായി, എത്ര ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു എന്നീ കാര്യങ്ങൾ മോദി ജനങ്ങളോട് വിശദീകരിക്കണമെന്നും രാഹുൽ വ്യക്തമാക്കി.
കള്ളപ്പണത്തിനെതിരെയുള്ള യജ്ഞത്തിൽ ഏർപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി എന്നാണ് പറയുന്നത്. എല്ലാ യജ്ഞത്തിലും ഏന്തെങ്കിലുമൊക്കെ ബലി നൽകാറുണ്ട്. ഈ യജ്ഞത്തിൽ ബലി നൽകിയത് പാവപ്പെട്ട ജനങ്ങളെയായിരുന്നുവെന്നും രാഹുൽ പറഞ്ഞു.
ജനങ്ങൾക്ക് അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം തിരിച്ചു നൽകണം. നോട്ട് നിരോധവുമായി ബന്ധപ്പെട്ട് കർഷകർക്കുണ്ടായ നഷ്ടം നികത്തുക എങ്ങനെയാണെന്ന് വ്യക്തമാക്കണം. കർഷകരുടെ വായ്പ എഴുതിത്തള്ളണം എന്നീ ആവശ്യങ്ങളും രാഹുൽ ഉന്നയിച്ചു.
മോദി ജനങ്ങളെ ഭയത്തിന്‍റെ മുൾമുനയിൽ നിർത്തുകയാണ്. ചില രേഖകൾ നിരത്തി മോദിയോട് ചില ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ലെന്നും സഹാറ-ബിർള അഴിമതി ആരോപണം പരാമർശിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
