ജനുവരിയിലെ ശമ്പള, പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാകാന്‍ സാധ്യത.

11:19 am 30/12/2016

images (14)
തിരുവനന്തപുരം: ജനുവരിയിലെ ശമ്പള, പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാകാന്‍ സാധ്യത. ഡിസംബറില്‍ ശമ്പളവിതരണം വലിയ കുഴപ്പമില്ലാതെ കഴിഞ്ഞുകിട്ടുകയായിരുന്നു. എന്നാല്‍, ജനുവരിയിലെ ശമ്പളാവശ്യത്തിനുള്ള നോട്ട് ലഭ്യമാക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഒരു ഉറപ്പും ഇതുവരെ സംസ്ഥാനത്തിന് നല്‍കിയിട്ടില്ല. ജീവനക്കാരും പെന്‍ഷന്‍കാരുമടക്കം 10 ലക്ഷം പേര്‍ക്കായി 1200 കോടി രൂപ ബാങ്ക് വഴിയും 1200 കോടി ട്രഷറി വഴിയുമാണ് ശമ്പള ഇനത്തില്‍ വിതരണം ചെയ്യേണ്ടത്.

ഇതുസംബന്ധിച്ച് ധനകാര്യ സെക്രട്ടറി റിസര്‍വ് ബാങ്ക് പ്രതിനിധിയുമായും കനറാ, എസ്.ബി.ടി, എസ്.ബി.ഐ തുടങ്ങിയ ബാങ്കുകളുടെ പ്രതിനിധികളുമായും കഴിഞ്ഞദിവസം ചര്‍ച്ചനടത്തിയിരുന്നു. റിസര്‍വ് ബാങ്ക് ഭാഗികമായി നല്‍കുന്ന തുക ഈ മൂന്ന് ബാങ്കുകള്‍ക്കുമാണ് കൈമാറുക. മൂന്ന് മുതല്‍ 13 വരെയാണ് കേരളത്തിലെ ശമ്പളവിതരണം. ആകെയുള്ള 10 ലക്ഷം പേരില്‍ 5.5 ലക്ഷം പേര്‍ക്കാണ് ബാങ്ക് വഴി നല്‍കേണ്ടത്. ശേഷിക്കുന്ന 4.5 ലക്ഷം പേര്‍ക്ക് ട്രഷറി വഴിയാണ് വിതരണം .

അതേസമയം, ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്ത് ഡിസംബര്‍ 31 നകം വിതരണം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷനുകള്‍ ഇതിനോടകം നല്‍കിത്തുടങ്ങി. നിലവില്‍ 33.58 പേര്‍ക്കായി 1055 കോടി രൂപയാണ് വിതരണം ചെയ്യുക. പെന്‍ഷന്‍ വീട്ടില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട 16 ലക്ഷം പേര്‍ക്ക് 506.7 കോടി രൂപ സഹകരണബാങ്കുകള്‍ വഴി തിങ്കളാഴ്ച മുതല്‍ വീടുകള്‍ എത്തിച്ചുതുടങ്ങി. ശേഷിക്കുന്ന 17.58 ലക്ഷം പേര്‍ക്ക് 548.6 കോടി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുകയും ചെയ്തിട്ടുണ്ട്.